Skip to main content

സര്‍ക്കാര്‍ ഒപ്പം നിന്നു : അടച്ചുപൂട്ടിയ സ്‌കൂളിന് തലയെടുപ്പോടെ തിരിച്ചുവരവ്

 

    സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. വിദ്യാര്‍ഥികളില്ലാതെ മാനേജ്‌മെന്റ് അടച്ചുപൂട്ടിയ സ്‌കൂള്‍ തുറക്കുന്നതിന് ഒരു നാട് കൈകോര്‍ത്തപ്പോള്‍ സര്‍ക്കാര്‍ ഒപ്പം നിന്നു. ഇടവ മാന്തറ എം.വി. എല്‍.പി. സ്‌കൂളില്‍ ഇന്നു പുതുയുഗപ്പിറവിയാണ്. നാലു വര്‍ഷം മുന്‍പു പൂട്ടിപ്പോയ അറിവിന്റെ കേന്ദ്രം നാടിന്റെ വെളിച്ചമായി തിരികെയെത്തുന്ന സന്തോഷത്തിലാണ് നാട്ടുകാരും.

    പഠിക്കാന്‍ വിദ്യാര്‍ഥികള്‍ എത്താതായതോടെ 2015 അധ്യയന വര്‍ഷമാണ് മാന്തറ എല്‍.പി. സ്‌കൂള്‍ അടച്ചുപൂട്ടുന്നത്. അടച്ചുപൂട്ടിയതോടെ ആരും തിരിഞ്ഞു നോക്കാതെ കെട്ടിടങ്ങള്‍ ഓരോന്നായി നശിക്കാന്‍ തുടങ്ങി. 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതോടെയാണ് സ്‌കൂളിന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ഇടവ പഞ്ചായത്ത് ആലോചിക്കുന്നത്. അങ്ങനെ പഞ്ചായത്തിന്റയും നാട്ടുകാരുടേയും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടേയും സഹായത്തോടെ നവീകരണ പദ്ധതികള്‍ ആരംഭിച്ചു. വി. ജോയി എം.എല്‍.എയും പദ്ധതിക്കു പൂര്‍ണ പിന്തുണ നല്‍കി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് സാദിഖ് കെട്ടിട നവീകരണത്തിന് സാമ്പത്തിക സഹായം നല്‍കി. സ്‌കൂളിന് സ്വന്തമായി ഒരു ബസും അദ്ദേഹം വാങ്ങി നല്‍കി.

    നാലു വര്‍ഷം മുന്‍പ് ഒരാളും പഠിക്കാനെത്താതിരുന്ന സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം 51 വിദ്യാര്‍ഥികള്‍ പഠിക്കാനെത്തി. പ്രീ പ്രൈമറിയില്‍ 21 കുട്ടികളും എല്‍.പി. ക്ലാസുകളില്‍ 30 പേരും. നാല് അധ്യാപകരുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ അധ്യാപകരില്ലെന്ന പരാതിക്കും ശാശ്വത പരിഹാരമായി. ഇവിടെനിന്ന് എല്‍.പി. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കുന്നതിനും സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

    മികവിലേക്ക് ഉയര്‍ന്ന സ്‌കൂള്‍ കെട്ടിടത്തിന്റെയും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന പദ്ധതിയുടേയും ഉദ്ഘാടനം ഇന്ന് (ജൂലൈ 13) രാവിലെ 10ന് വി. ജോയി എം.എല്‍.എ. നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടേയും പിന്തുണയുടേയും ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് മാന്തറയിലെ ഈ എല്‍.പി. സ്‌കൂള്‍.
(പി.ആര്‍.പി. 741/2019)

 

date