Skip to main content

ജനകീയം അതിജീവനം  പൊതുജന സമ്പർക്ക പരിപാടി 20 ന് തൃശൂരിൽ

പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള പുനരധിവാസ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും സഹായധനം ലഭിച്ചവരെ ആദരിക്കുന്നതിനും ശേഷിക്കുന്നവർക്ക് സഹായധനം കൈമാറുന്നതിനുമായി ജില്ലാഭരണകൂടം സംഘടിപ്പിക്കുന്ന 'ജനകീയം അതിജീവനം' പരിപാടി ജൂലൈ 20 ന് തൃശൂരിൽ നടക്കും. രാവിലെ 10 മുതൽ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിമാർ, എം പിമാർ, എംഎൽഎമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പു തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഇതിനു മുന്നോടിയായി ജില്ലാ ആസൂത്രണഭവൻ ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീന്റെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി ചെയർമാനായി കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാറിനെ തിരഞ്ഞെടുത്തു. തദ്ദേശസ്വയം ഭരണ വകുപ്പ്മന്ത്രി ഏ സി മൊയ്തീൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ മുഖ്യരക്ഷാധികാരികളാണ്. എം പിമാർ, എം എൽ എമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് രക്ഷാധികാരികൾ. ജില്ലാ കളക്ടർ എസ് ഷാനവാസാണ് ജനറൽ കൺവീനർ. 
സംഘാടക സമിതി യോഗത്തിൽ എംഎൽഎമാരായ ബി ഡി ദേവസ്സി, ഇ ടി ടൈസൺ, അഡ്വ. വി ആർ സുനിൽകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ് ഷാനവാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. സതീശൻ, പ്രോഗ്രാം കോർഡിനേറ്റർ ഡെപ്യൂട്ടി കളക്ടർ കെ. മധു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

date