Skip to main content

ഐ.എസ്.ഒ അംഗീകാരവുമായി ശ്രീനാരായണപുരം പഞ്ചായത്ത്

ജനങ്ങൾക്ക് കാലതാമസമില്ലാതെ മികച്ച ഗുണമേന്മയുള്ള സേവനം നൽകിയ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന് മികവിനുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ്. കഴിഞ്ഞ രണ്ട് വർഷങ്ങളായി നൂറു ശതമാനം പദ്ധതിപണം ചെലവഴിച്ച് ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കിയതിനാണ് അംഗീകാരം. ഹൈദരാബാദ് ആസ്ഥാനമായുള്ള ടാറ്റ ക്വാളിറ്റി സർവ്വീസ് എന്ന സ്ഥാപനമാണ് അംഗീകാരം നൽകിയത്. ഇവരുടെ രണ്ട് തലത്തിലുള്ള ഓഡിറ്റ് നടന്നതിന് ശേഷമാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. 2022 മെയ് 9 വരെയാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ഐ.എസ്.ഒ അംഗീകാരത്തിനായി മികച്ചൊരു പൗരാവകാശ രേഖ തയ്യാറാകുകയായിരുന്നു പഞ്ചായത്ത് ആദ്യം ചെയ്തത്. ഇതിനായി പൗര സർവ്വേ നടത്തി അതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ രേഖ തയ്യാറാക്കി. ഫ്രണ്ട് ഓഫീസ് സേവനം കാര്യക്ഷമമാക്കി. പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ പാകത്തിൽ ഇരിപ്പിടങ്ങളൊരുക്കി ടെലിവിഷൻ, ആനുകാലികങ്ങൾ, പത്രങ്ങൾ എന്നിവ ഏർപ്പെടുത്തി. സ്ത്രീ സൗഹൃദ ടോയ്ലറ്റ്, റാമ്പ്, അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാൻ ടച്ച് സ്‌ക്രീൻ സൗകര്യം, വിവിധ ബോർഡുകൾ എന്നിവയും സജ്ജീകരിച്ചു. ഫയലുകൾ തരം തിരിച്ചും വർഷം തിരിച്ചും സേവനം വേഗത്തിൽ ലഭ്യമാക്കാൻ ഉതകുന്ന തരത്തിൽ വിശാലമായ റെക്കോർഡ് റൂം തയ്യാറാക്കി. ഐ.എസ്.ഒ പ്രഖ്യാപനവും പുതുതായി വാങ്ങിയ സ്ഥലത്ത് ഏർപ്പെടുത്തിയ പാർക്കിങ്ങ് ഏരിയയുടെ ഉദ്ഘാടനവും 26ന് കയ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എസ്. മോഹനൻ, ജില്ലാ പഞ്ചായത്തംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
 

date