Skip to main content

വികസനത്തിനാവശ്യം സംയോജിത സഹകരണം:  മന്ത്രി എ സി മൊയ്തീൻ

വിവാദങ്ങളല്ല സമൂഹത്തിന്റെ സംയോജിതമായ സഹകരണമാണ് വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. കുട്ടഞ്ചേരി ഗവ. എൽപി സ്‌ക്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ ക്ലാസ്സ് മുറികളുടെ അപര്യാപ്തത കണക്കിലെടുത്ത് മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് 2 ക്ലാസ്സ് മുറികൾ അടങ്ങുന്ന കെട്ടിടത്തിന്റെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. 2019-20 സാമ്പത്തിക വർഷത്തിലെ പദ്ധതി നിർവ്വഹണങ്ങളുടെ ഭാഗമായി സ്‌കൂളിന്റെ അനുബന്ധ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കു വേണ്ടി 1 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ടോയ്‌ലെറ്റ് ഉൾപ്പെടെയുള്ള മറ്റ് പ്രാഥമിക സൗകര്യങ്ങൾ ചെയ്യുന്നതിനായി മന്ത്രി പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശവും നൽകി. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീന ശലമോൻ അദ്ധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി. എക്‌സി. എഞ്ചിനീയർ വി.കെ.ശ്രീ മാല റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്. നായർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത്‌ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന അസീസ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ഷൈല എന്നിവർ ആശംസ നേർന്നു. ഗ്രാമപഞ്ചായത്ത് അംഗം വി.സി.ബിനോജ് മാസ്റ്റർ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ജോളിയമ്മ മാത്യു നന്ദിയും പറഞ്ഞു.
 

date