Skip to main content

സംയോജിത മാതൃകാ കൃഷിത്തോട്ടം

2019-20 സാമ്പത്തിക വര്‍ഷം കോഴിക്കോട് ജില്ലയില്‍ ആത്മയുടെ ആഭിമുഖ്യത്തില്‍ 195 എണ്ണം സംയോജിത മാതൃകാ കൃഷിത്തോട്ടം പദ്ധതി നടപ്പാക്കുന്നു. പത്ത് സെന്റ് കൃഷിത്തോട്ടത്തിന് 10000 രൂപയും 50 സെന്റും അതിനു മുകളിലുമുള്ളതിന് 50000 രൂപയും നല്‍കും. സ്ഥലത്തിന്റെ വിസ്തൃതി അനുസരിച്ച് 100 ശതമാനം സബ്‌സിഡിയോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷി, മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, മീന്‍വളര്‍ത്തല്‍ മുതലായവ നടപ്പാക്കി കൃഷിസ്ഥലം പൂര്‍ണമായി വിനിയോഗിക്കുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകും. ആവശ്യമുള്ള കര്‍ഷകര്‍ ഉടനെ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക. അവസാന തീയതി ജൂലൈ 30.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന എല്‍.ഐ.സിയില്‍ അവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 17 ന് രാവിലെ 10.30 ന് എല്‍.ഐ.സി.യിലെ കരിയര്‍ ഏജന്റ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. 35 വയസ്സില്‍ താഴെ പ്രായമുളള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം 17 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370178, 2370176.

ഭവന നിര്‍മ്മാണ ബോര്‍ഡ് അദാലത്ത്:
11.71 കോടി രുപ ഇളവു നല്‍കി
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കോഴിക്കോട് ജില്ലയില്‍ നടത്തിയ വായ്പ കുടിശ്ശിക നിവാരണ അദാലത്തില്‍ 266 പേര്‍ പങ്കെടുത്തു. ഇതില്‍ 185 പേരുടെ വായ്പ കണക്കുകള്‍ തീര്‍പ്പാക്കി. ഇവരില്‍ തീര്‍ത്തും നിര്‍ധനരും രോഗികളുമായ 12 കുടിശ്ശികക്കാരുടെ 37 ലക്ഷം രൂപ പൂര്‍ണ്ണമായും എഴുതിതള്ളി. അദാലത്തില്‍ പങ്കെടുത്ത 185 പേരുടെ ആകെ കുടിശ്ശികയായ 15.15 കോടി രുപയില്‍ 11.71 കോടി രൂപയുടെ ഇളവു നല്‍കി.
സംസ്ഥാന റവന്യൂ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹു.മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് സ്വാഗതം പറഞ്ഞു. ബോര്‍ഡ് മെമ്പര്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാകളക്ടര്‍ സാംബശിവറാവു, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.എന്‍ റാണി എന്നിവര്‍ സംബന്ധിച്ചു

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ്, സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി നിര്‍ദ്ദിഷ്ട യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 18 ന് രാവിലെ 10 മണിക്ക് അതത് വിഭാഗങ്ങളില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ - 0495 2383210.
ദര്‍ഘാസ് കം ലേലം
കോഴിക്കോട് മാത്തോട്ടം വനശ്രീ കോംപ്ലക്‌സിലെ കേടുവന്നതും ഉപയോഗശൂന്യവുമായ ഫര്‍ണിച്ചറുകള്‍ ആഗസ്റ്റ് ഏഴിന് മാത്തോട്ടം വനശ്രീ കോംപ്ലക്‌സില്‍ ദര്‍ഘാസ് കം ലേലം ചെയ്യും. ഇതിനായുളള ദര്‍ഘാസ് ഫോം ആഗസ്റ്റ് അഞ്ച് മുതല്‍ ദര്‍ഘാസ് കം ലേല ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ കോഴിക്കോട് ടിമ്പര്‍ സെയിലന്‍സ് ഡിവിഷന്‍ ഓഫീസില്‍ നിന്നു ലഭിക്കും. ഫോണ്‍ 0495 2414702.
അനസ്തറ്റിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അനസ്തറ്റിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.arogyakeralam.gov.in യോഗ്യതയുളളവര്‍ ജൂലൈ 20 ന് അഞ്ച് മണിക്കകം കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ എത്തിക്കണം. വിലാസം - ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സിവില്‍സ്റ്റേഷന്‍, കോഴിക്കോട് - 673020.
കാട വളര്‍ത്തലില്‍ സൗജന്യ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ 18 ന് കാട വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി 18 ന് രാവിലെ 10 നകം മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ - 04912 815454.

സ്ത്രീകള്‍ക്കായി വെള്ളിമാട്കുന്നില്‍ വണ്‍സ്റ്റോപ്പ് സെന്റര്‍
കോഴിക്കോട് ജില്ല സ്ത്രീ സൗഹൃദമാക്കുന്നതിനും വണ്‍സ്റ്റോപ്പ് സെന്റര്‍ ജില്ലയില്‍ ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അദ്ധ്യക്ഷതയില്‍ സ്ത്രീ സുരക്ഷാ യോഗം നടന്നു.
ലൈംഗികം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാ സേവനങ്ങളും ഒരു സ്ഥലത്ത് ലഭ്യമാകുന്ന വണ്‍സ്റ്റോപ്പ് സെന്റര്‍ (One Stop Center- OSC) കോഴിക്കോട് ജില്ലയില്‍ വെള്ളിമാട്കുന്ന് സാമൂഹ്യനീതി കോംപ്ലക്‌സില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്. മിത്ര 181 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ മൂഖേന വണ്‍സ്റ്റോപ്പ് സെന്ററിന്റെ സേവനം 24 മണിക്കൂറും ലഭ്യമാവും. അതിക്രമങ്ങള്‍ക്ക് വിധേയമാവുന്നവര്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ്, പോലീസ് സേവനങ്ങള്‍, വൈദ്യ സഹായം, സുരക്ഷിതമായ താമസം, സൗജന്യ നിയമ സഹായം, വീഡിയോ കോണ്‍ഫറന്‍സിംഗ് ഫെസിലിറ്റി എന്നിവ ഒരു സ്ഥലത്ത് ലഭ്യമാവുന്നു എന്നതാണ് വണ്‍സ്റ്റോപ്പ് സെന്ററിന്റെ പ്രത്യേകത.
കോഴിക്കോട് ജില്ല സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള കര്‍മ്മപദ്ധതിയുടെ ഭാഗമായി, സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന സൗജന്യ നിയമ സഹായ സംവിധാനങ്ങളെ കുറിച്ച് നടത്തിയ സര്‍വ്വെ യോഗം വിലയിരുത്തി. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടേയും ഗവ. ലോ കോളേജ് കോഴിക്കോട് വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ വനിത ശിശു വികസന വകുപ്പാണ് സര്‍വ്വെ പൂര്‍ത്തീകരിച്ചത്.
ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വഴിയും ജില്ലയിലെ സര്‍വ്വീസ് പൊവൈഡിംഗ് സെന്ററുകള്‍ വഴിയും സൗജന്യ നിയമ സഹായം ലഭിച്ച 256 സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വെ. കുടുംബ പ്രശ്‌നവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം പരാതിക്കാരും സൗജന്യ നിയമ സഹായം പ്രയോജനപ്പെടുത്തിയത്. സ്വന്തമായി വരുമാനമില്ലാത്തവരൊ തുച്ഛമായ വരുമാനമുള്ളവരൊ ആയവരായിരുന്നു സൗജന്യ നിയമ സഹായം ലഭിച്ചവരില്‍ ഭൂരിഭാഗവും (97%) എന്ന് സര്‍വ്വെയില്‍ നിന്ന് വെളിപ്പെട്ടു
ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നു വനിതകളെ സംരക്ഷിക്കുന്ന നിയമം- 2005 പ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് പൊവൈഡിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച് വരികയാണെന്നും കോഴിക്കോട് ജില്ലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാതിരുന്ന നാല് സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകളുടെ അംഗീകാരം റദ്ദ് ചെയ്തിട്ടുണ്ടെന്നും വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ. ലിന്‍സി. എ. കെ. യോഗത്തെ അറിയിച്ചു.
സബ് കലക്ടര്‍ വിഘ്‌നേശ്വരി. വി., ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സബ് ജഡ്ജ് ഉണ്ണികൃഷ്ണന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

അഭിഭാഷക ധനസഹായ പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചു
ജുഡീഷ്യറിയില്‍ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിത്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്‌സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാര്‍ കൗണ്‍സില്‍ 2019 ജനുവരി ഒന്നിനും ജൂണ്‍ 30 നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്തു തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 0495-2377786 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

date