Skip to main content

കേരളത്തിലെ പുതിയ റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യം - മന്ത്രി ജി സുധാകരൻ

ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിൽ നിർമ്മിച്ച റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യമെന്ന് രജിസ്ട്രേഷൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അത്യാധുനിക രീതിയിൽ ദേശീയപാതയുടെ കിലോമീറ്ററിന് ചിലവാക്കുന്ന അത്രയും ഫണ്ട് ഉപയോഗിച്ച് അതേ ഗുണനിലവാരത്തിലാണ് സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കുന്നത്. നവീകരിച്ച അരീക്കാട്-മാത്തറ-പാലാഴി-കോവൂര്‍ റോഡിന്റെ യും ഒടുമ്പ്ര കാവിൽ താഴം റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വിവേചനം ഇല്ലാതെ സമഗ്ര വികസനം എന്ന കാഴ്ചപ്പാടാണ് കേരളത്തിലെ സർക്കാരിനുള്ളത്. അതുപോലെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. അല്ലാത്തപക്ഷം അത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കുന്ദമംഗലം, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളില്‍ കൂടി കടന്ന് പോകുന്ന മാത്തറ -അരീക്കാട് -പാലാഴി -കോവൂര്‍ റോഡിന്റെ പ്രവൃത്തി കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 10 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചത്. ഒടുമ്പ്ര കാവില്‍താഴം റോഡില്‍ 1 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ബാക്കി ഭാഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള 3 കോടി രൂപയുടെ പ്രവൃത്തികള്‍ ആരംഭിക്കുകയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും ഏറ്റവും കൂടുതല്‍ മിനി ബസുകള്‍ ഓടുന്ന ഈ റൂട്ടുകള്‍ പരിഷ്‌കരിച്ചതോടെ ഫറൂഖ് രാമനാട്ടുകര ഭാഗങ്ങളിലുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജിലെത്തുന്നതിന് ഏറെ സൗകര്യപ്രദമായിരിക്കയാണ്.

മാത്തറയില്‍ നടന്ന ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ ഡോ. എം.കെ മുനീർ വിശിഷ്ടാതിഥിയായി. ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനയരാജ് കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലാത്തൊടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ദേശീയപാത ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചീനിയര്‍ സിന്ധു ടി.എസ് സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജു പി.ബി നന്ദിയും പറഞ്ഞു

photo caption : നവീകരിച്ച അരീക്കാട്-മാത്തറ-പാലാഴി-കോവൂര്‍ റോഡിന്റെ യും ഒടുമ്പ്ര കാവിൽ താഴം റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുന്നു

date