Skip to main content
കേരള കര്‍ഷക ക്ഷേമനിധി ബില്ലുമായി ബന്ധപ്പെട്ട് നിയമസഭാ സെലക്ട് കമ്മിറ്റി നടത്തിയ തെളിവെടുപ്പില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍

കേരള കര്‍ഷകക്ഷേമനിധി  രാജ്യത്തിന് മാതൃകയാകുന്ന പദ്ധതിയാക്കും                                                             :മന്ത്രി വി.എസ്.സുനില്‍ കുമാര്‍

കേരള കര്‍ഷകക്ഷേമനിധി പദ്ധതി രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കേരള കര്‍ഷക ക്ഷേമനിധി ബില്ലുമായി ബന്ധപ്പെട്ട് നിയമസഭാ സെലക്ട് കമ്മിറ്റി നടത്തിയ തെളിവെടുപ്പില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും നിയമമാകുന്നതോടെ കര്‍ഷകരുടെ സുരക്ഷയും ആനുകൂല്യങ്ങളും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെലക്ട് കമ്മറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കര്‍ഷകരുടെ അഭിപ്രായം കൂടി പരിഗണിക്കും. രാജ്യത്ത് തന്നെ കര്‍ഷക ക്ഷേമത്തിനായുള്ള ഏറ്റവും വലിയ പദ്ധതിയായി കേരള കര്‍ഷക ക്ഷേമനിധി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 കര്‍ഷക ക്ഷേമനിധിയിലൂടെ പെന്‍ഷന്‍, ഇന്‍ഷൂറന്‍സ്, മക്കളുടെ വിദ്യാഭ്യാസ,വിവാഹ ധനസഹായം എന്നിവയെല്ലാം കര്‍ഷകര്‍ക്ക് ലഭിക്കും.  ചെറുപ്പക്കാരെയടക്കം കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുളള ആനുകൂല്യങ്ങള്‍ നല്‍കുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.അതിനാല്‍ മറ്റ് ക്ഷേമ പദ്ധതികളില്‍ നിന്നും വിഭിന്നമായി കൂടുതല്‍ കര്‍ഷക സൗഹൃദമായിരിക്കും ബില്ലിലെ വ്യവസ്ഥകള്‍. നിലവിലുളള നിയമങ്ങളുടെ പരിധിക്കുളളില്‍ നിന്നുകൊണ്ട് കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍  ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായങ്ങളും തേടും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ നിയമമാകുമെന്നും അദ്ദേഹം പറഞ്ഞു.  

കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ വരുമാന പരിധി, സ്ഥലപരിധി എന്നിവ സംബന്ധിച്ച ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കണമെന്ന് കര്‍ഷക പ്രതിനിധികള്‍ തെളിവെടുപ്പില്‍ ആവശ്യപ്പെട്ടു. വാര്‍ഷിക വരുമാന പരിധി ഒന്നര ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയാക്കി ഉയര്‍ത്തണം. പതിനഞ്ച് ഏക്കറില്‍ താഴെ ഭൂമി കൈവശം വെക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കണമെന്നും പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. ഒരോ കര്‍ഷകനും ക്ഷേമനിധിയിലേക്ക് അടക്കേണ്ട അംശാദായ തുക അവരുടെ സാമ്പത്തികക്ഷമതക്കനുസരിച്ച് ഒടുക്കാന്‍ വ്യവസ്ഥ ചെയ്യണം.  ക്ഷേമനിധി ശക്തിപ്പെടുന്നതിന് ചില മേഖലകളില്‍ സെസ് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷിനാശമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനുളള സംവിധാനവും ക്ഷേമനിധിയുടെ ഭാഗമായി ഏര്‍പ്പെടുത്തണം, കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡില്‍ യുവാക്കള്‍, വനിതകള്‍,ജൈവര്‍ഷകര്‍ എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടാകണം തുടങ്ങിയ ആവശ്യങ്ങളും തെളിവെടുപ്പിലുയര്‍ന്നു. ബില്‍ വിശദമായി പഠിച്ച് അഭിപ്രായമറിയിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും  മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു
തെളിവെടുപ്പില്‍ കമ്മിറ്റി അംഗങ്ങളും എംഎല്‍എമാരായ മാത്യൂ.ടി. തോമസ്, ഡോ.എന്‍.ജയരാജ്, മുരളി പെരുനെല്ലി, അഡ്വ. കെ രാജന്‍, സി.കെ ശശീന്ദ്രന്‍, ഡി.കെ മുരളി, സണ്ണി ജോസഫ്, പി. ഉബൈദുളള, കെ.വി വിജയദാസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം  കെ അജീഷ്, നിയമസഭാ ഉദ്യോഗസ്ഥര്‍, വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ തെളിവെടുപ്പിനെത്തി. 

   

date