Skip to main content

കണ്ണ് രോഗം; പരിഭ്രാന്തി വേണ്ടെന്ന് ഡിഎംഒ

 

കണ്ണൂരില്‍ ജില്ലയില്‍ വ്യാപകമായി കണ്ണിന് വൈറസ് രോഗം പടരുന്നു എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ഇത് സാധാരണയായി കണ്ടുവരുന്ന കണ്ണിനെ ബാധിക്കുന്ന ചെങ്കണ്ണ് രോഗമാണ്. ജില്ലയില്‍ സാധാരണ ഈ സീസണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശരാശരി കേസുകള്‍ മാത്രമേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
കണ്ണിലെ ചുവപ്പ് നിറം, കണ്ണില്‍ നിന്ന് വെള്ളം ചാടല്‍, കണ്ണുകളില്‍  അമിതമായി ചീ പോള അടിയല്‍, പ്രകാശം നോക്കാന്‍ ബുദ്ധിമുട്ട്, രാവിലെ കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട്, ചെവിയുടെ മുന്നില്‍ ഭാഗത്തു കഴല വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് കണ്‍പോളകള്‍ക്കും കണ്ണിനു ചുറ്റും നീര് വെക്കുകയും ചെയ്യുന്നു. അപൂര്‍വ്വം ചിലരില്‍ നേത്രപടലത്തെ ഈ അസുഖം ബാധിക്കാറുണ്ട്. പൂര്‍ണ്ണമായും ചെങ്കണ്ണ് മാറാന്‍ സാധാരണ ഗതിയില്‍ രണ്ടാഴ്ച സമയമെടുക്കും. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. അടുത്തുള്ള പ്രാഥമിക, സാമൂഹിക ,കുടുംബാരോഗ്യ  കേന്ദ്രങ്ങളില്‍  ചികിത്സ ലഭ്യമാണ്.
വിദഗ്ധ ചികിത്സ ജില്ലാശുപത്രി, ജനറല്‍ ആശുപത്രി , താലൂക്ക്  ആശുപത്രി എന്നിവിടങ്ങളില്‍  ലഭ്യമാണ്. രോഗം വന്നവര്‍ പൊതുസ്ഥലങ്ങളില്‍ നിന്നും സ്‌കൂള്‍, കോളേജ്, പൊതു യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വിട്ടുനിന്നാല്‍ രോഗ പകര്‍ച്ച തടയാവുന്നതാണ്.
രോഗിയുടെ കണ്ണില്‍ നിന്നുള്ള സ്രവം പറ്റിപ്പിടിച്ച സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ തൊടുകയും ആ കൈ കൊണ്ട് സ്വന്തം കണ്ണില്‍  തൊടുകയും  ചെയ്യുമ്പോഴാണ് ഈ അസുഖം പകരുന്നത്. കൈകള്‍ ഇടയ്ക്കിടെ കഴുകുന്നതിലൂടെയും കണ്ണില്‍  തൊടാതിരിക്കുകയും  ചെയ്യുന്നതിലൂടെയും  ചെങ്കണ്ണ്  പടരുന്നത് തടയാന്‍ സാധിക്കുമെന്നും ഡിഎംഒ അറിയിച്ചു.

date