Skip to main content

പദ്ധതികള്‍  സമയബന്ധിതമായും കാലതാമസം ഒഴിവാക്കിയും നടപ്പാക്കണം -  എം.എല്‍.എ 

പദ്ധതികള്‍  സമയബന്ധിതമായി ഉദ്യോഗസ്ഥര്‍  നടപ്പാക്കണമെന്നും കാലതാമസം ഒഴിവാക്കണമെന്നും താനൂരില്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍ പറഞ്ഞു.  കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍  നടന്ന യോഗത്തില്‍ താനൂരില്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിലവിലെ ഘട്ടങ്ങള്‍ ചര്‍ച്ച ചെയ്തു. താനൂര്‍ സബ് രജിസ്റ്റര്‍ ഓഫീസ് നിര്‍മാണം 2019 ഡിസംബറില്‍  പൂര്‍ത്തിയാകും. തെയ്യാല റെയില്‍വേ മേല്‍പ്പാലം, താനൂര്‍ കുടിവെള്ള പദ്ധതി, കുടിവെള്ള ടാങ്ക് നിര്‍മ്മാണം,  ഒഴൂര്‍  ജലനിധി പ്രോജക്ട്, ചെറിയമുണ്ടം ഐ.ടി.ഐ, പനമ്പാലം പാലം, തീരദേശ ഹൈവേ, അങ്ങാടിപ്പാലം മേല്‍പ്പാലം, തിരൂര്‍ - മലപ്പുറം റോഡായ തലക്കടത്തൂര്‍ - വൈലത്തൂര്‍ റോഡിന്റെ വീതി കൂട്ടല്‍,   മത്സ്യ ബന്ധനത്തൊഴിലാളികള്‍ക്കായുള്ള ഫ്‌ലാറ്റ് നിര്‍മാണം, കടല്‍ഭിത്തി നിര്‍മാണം, ഉണ്ണിയാല്‍ സ്റ്റേഡിയം, താനൂര്‍ ഫിഷറീസ് സ്റ്റേഡിയം,  വിവിധ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം, പാറപ്പുഴ അംബേദ്കര്‍ കോളനി, കോരങ്ങത്ത് അംബേദ്കര്‍ കോളനി തുടങ്ങി താനൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന അമ്പതിലധികം പദ്ധതികളുടെ നിലവിലെ സ്ഥിതിവിവരങ്ങളാണ് ചര്‍ച്ച ചെയ്തത്. ടെണ്ടര്‍ വിളിക്കാത്ത പദ്ധതികള്‍ ഉടന്‍ ടെണ്ടര്‍ നടപടി  പൂര്‍ത്തിയാക്കാനും നിര്‍മ്മാണം ആരംഭിക്കാത്തവ  ഉടന്‍ ആരംഭിക്കാനും,  നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നവ പെട്ടെന്ന് പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥരോട് ന നിര്‍ദേശിച്ചു. പദ്ധതികളുടെ നടപ്പാക്കുന്നതില്‍ നടപടി ക്രമങ്ങള്‍ ത്വരിത വേഗത്തില്‍ പൂര്‍ത്തിയാക്കാനും കാലതാമസം ഒഴിവാക്കി പദ്ധതികള്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
താനൂര്‍ മണ്ഡലത്തില്‍ വിദ്യഭ്യാസം,ഗതാഗതം, ആരോഗ്യം തുടങ്ങിയ എല്ലാ  മേഖലകളിലും സമഗ്ര വികസനമാണ് നടപ്പാക്കുന്നത്.  കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി വിവിധ കുടിവെള്ള പദ്ധതികളും എസ്. ടി എസ്.സി വികസനത്തിനായി അംബേദ്കര്‍ കോളനിയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്. തീരദേശ വികസനത്തിനായി തീരദേശ ഹൈവേ, മത്സ്യ ബന്ധനത്തൊഴിലാളികള്‍ക്കായി ഫ്‌ലാറ്റ് നിര്‍മ്മാണം, കടലാക്രമണം തടയാനായി ജിയോ ട്യൂബ് സ്ഥാപിക്കല്‍, കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കലക്ടറുടെ  ചേമ്പറില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date