Skip to main content

തിരൂര്‍ താഴെ പാലം, അപ്രോച്ച് റോഡ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ഒരാഴ്ചക്കകം തീരുമാനം

തിരൂര്‍ താഴെ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിശയങ്ങളില്‍ ഒരാഴ്ചക്കകം തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്റെയും, എ സി.മമ്മുട്ടി  എം.എല്‍.എ യുടെയും നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ ധാരണയായി. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുമായുള്ള തര്‍ക്കമാണ് തീര്‍പ്പാക്കാന്‍ തീരുമാനിച്ചത്. ഇതോടെ പ്രവൃത്തികള്‍ വേഗത്തിലാക്കാനാവും. യോഗത്തില്‍ എം.എല്‍.എയുടെ ആസ്തി-പ്രാദേശിക വികസന ഫണ്ടുകള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി ഉടന്‍ സമര്‍പ്പിക്കണമെന്നും പൂര്‍ത്തിയാവാത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുന്നത് അനുവദിക്കുകയില്ലെന്നും പദ്ധതികളുടെ സാങ്കേതികത പരിഹരിച്ച് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു
തിരൂര്‍ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട ലിഫ്റ്റ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ഉള്‍പ്പടെ മുഴുവന്‍ പ്രവര്‍ത്തികകളും സെപ്റ്റംബര്‍ അവസാനത്തോടെ തീര്‍ക്കാനും യോഗം തീരുമാനിച്ചു. ജില്ലാ ആശുപത്രിയിലെ 38 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ഓങ്കോളജി വിഭാഗത്തിന്റെ പണി 80 ശതമാനത്തോളം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി ആവശ്യമുള്ള 27 കോടി മൈനോരിറ്റി ഫണ്ടില്‍ നിന്നും അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാനും ധാരണയായി. പഞ്ചായത്തുകള്‍ സ്ഥാപിച്ച ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റുകളില്‍ കേടായവ ശരിയാക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പുതിയതായി സ്ഥാപിക്കുന്ന 62 ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റുകള്‍ സെപ്റ്റംബറില്‍ തന്നെ സ്ഥിപിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അമ്പത് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന വെട്ടം, തലക്കാട് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ ഒക്‌റ്റോബറില്‍ തന്നെ കമ്മീഷന്‍ ചെയ്യാനും യോഗം തീരുമാനിച്ചു.കലക്ടറുടെ  ചേംബറില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date