Skip to main content

കീടനാശിനി- രാസവളങ്ങളുടെ ഉപയോഗത്തിന്    നിയന്ത്രണം കൊണ്ടുവരും:     മന്ത്രി വി.എസ് സുനില്‍കുമാര്‍

കീടനാശിനികളുടെയും  രാസവളങ്ങളുടെയും ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ താലൂക്ക്  പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കും ഫാര്‍മേഴ്‌സ് ക്ലബും ചേര്‍ന്ന് നബാര്‍ഡിന്റെ സഹായത്തോടെ സംഘടിപ്പിച്ച കാര്‍ഷക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പും കുടുംബശ്രീയും ചേര്‍ന്ന് ഗ്രാമചന്തകളെ പ്രോത്സാഹിപ്പിക്കും.

ഈ വര്‍ഷം ഇത്തരത്തിലുള്ള 1000 ചന്തകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയം കൊണ്ടുവരണം. സംസ്ഥാനത്തെ കൃഷിവകുപ്പിന്റെ കാര്‍ഷിക യന്ത്രങ്ങളെല്ലാം രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.  ജൈവരീതിയില്‍ കൃഷി ചെയ്യേണ്ടത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ആവശ്യമാണെന്നും രാസവളവും രാസകീടനാശിനിയും മണ്ണിനെയും വെള്ളത്തെയും മലിനമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മികച്ച കര്‍ഷകരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ബാങ്ക് പ്രസിഡണ്ട് ടി.എം. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ, മുന്‍. എം.പി കെ. പി ധനപാലന്‍, നബാര്‍ഡ് ഡി.ഡി.എം. ദീപ എസ്. പിള്ള, ജോസഫ് ചാലിശ്ശേരി, കെ.കെ. ജിന്നാസ്, ആര്‍.വി. മുഹമ്മദാലി, ബീന രവിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date