താമരവെള്ളച്ചാൽ കോളനിയിൽ ഇത്തവണ സമൃദ്ധിയുടെ ഓണം
ഒല്ലൂർ നിയോജക മണ്ഡലത്തിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമരവെള്ളച്ചാൽ പട്ടികവർഗ കോളനിയിൽ ഇത്തവണ സമൃദ്ധിയുടെ പൊന്നോണം. ഇവിടുത്തെ അന്തേവാസികളായ 55 കുടുംബങ്ങൾക്ക് സർക്കാരും പട്ടിക വർഗ വികസന വകുപ്പും ജില്ലാഭരണകൂടവും ചേർന്ന് ഓണപ്പുടവയും ഓണക്കിറ്റുകളും നൽകിയപ്പോൾ നാടും നാട്ടുകാരും ആഹ്ലാദത്തിലായി. സർക്കാരിനു വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീനും ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ കളക്ടർ എസ് ഷാനവാസുമാണ് ഓണപ്പുടവയുടെയും ഓണക്കിറ്റും വിതരണം നടത്തിയത്.
ഊരിലെ മൂപ്പൻ മണിക്കുട്ടനും മുതിർന്ന സ്ത്രീ കല്യാണി രാമനുമാണ് ആദ്യത്തെ ഓണസമ്മാനം ഏറ്റുവാങ്ങിയത്. തുടർന്ന് മറ്റ് അന്തേവാസികളും സന്തോഷത്തോടെ തങ്ങൾക്ക് സർക്കാർ നൽകിയ ഓണസമ്മാനം സ്വീകരിച്ചു. കോളനിയിലെ കമ്മ്യൂണിറ്റി ട്യൂട്ടോറിയൽ സെന്റർ ഹാളിൽ മഴയെപ്പോലും വകവയ്ക്കാതെ അന്തേവാസികൾ തിങ്ങിനിറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും പട്ടിക വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ അരി, പഞ്ചസാര, വെളിച്ചെണ്ണ, മുളക്‌പൊടി, ചെറുപയർ, ശർക്കര, തുവരപ്പരിപ്പ്, ഉപ്പ് തുടങ്ങിയവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. കോളനിയിലെ 60 വയസ്സു തികഞ്ഞവർക്ക് മുണ്ടും സാരിയും നൽകി. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ അരി, ധാന്യങ്ങൾ, ബക്കറ്റ്, പായ എന്നിവയടങ്ങിയ ഇരുപത് ഇനങ്ങളും വിതരണം ചെയ്തു.
ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ സർക്കാർ ശ്രമിക്കുമെന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ അവരിലെത്തിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തില്ലെന്നും സൗജന്യ ഓണക്കിറ്റിന്റെയും ഓണക്കോടിയുടെയും വിതരണോദ്ഘാടനം നിർവഹിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത, ജില്ലാ പഞ്ചായത്തംഗം ഇ. എം ഓമന, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ എസ് സുമേഷ്, ജില്ലാ പട്ടികവർഗ ക്ഷേമ ഓഫീസർ സന്തോഷ്, തൃശൂർ താലൂക്ക് തഹസിൽദാർ ഐ എ സുരേഷ് എന്നിവർ പങ്കെടുത്തു.
- Log in to post comments