Skip to main content

എല്ലാ ബ്ലോക്കിലും മത്സര പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിക്കും

 ജില്ലാ സെര്‍വന്റ് എന്ന പേരില്‍ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഓരോപി.എസ്.സി  പരീക്ഷാ പരിശീലന സെന്റര്‍ ആരംഭിക്കും. ജില്ലയിലെ ഉദ്യോഗസ്ഥരില്‍ അധികവും അന്യ ജില്ലക്കാരാണെന്നും, ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെടുന്നതിന് പരിഹാരം കാണണമെങ്കില്‍ ജില്ലയില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ വിജയിക്കണമെന്നും ഇതിനു വേണ്ടിയാണ് ഇത്തരം പദ്ധതി ആരംഭിക്കാനുദ്ദേശിക്കുന്നതെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം വിലയിരുത്തി. ജില്ലയില്‍ ഇപ്പോള്‍ കുടുംബശ്രീ മിഷന്‍ വട്ടവടയില്‍ ഓണ്‍ലൈന്‍ പരിശീലനവും, പാമ്പാടും പാറയില്‍ സംരഭകത്വ രൂപത്തിലും, കുടുബശ്രീ ജില്ലാ മിഷനും പട്ടികവര്‍ഗ്ഗ വകുപ്പും ചേര്‍ന്ന് കുമളി, അടിമാലി എന്നിവിടങ്ങളിലും കൂടാതെ കോവില്‍ക്കടവിലും ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ പി.എസ്.സി പരീക്ഷാ പരിശീലനം  നടത്തിവരുന്നുണ്ട്.  
ഇടുക്കി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍  സാമ്പത്തിക വര്‍ഷം  തയ്യാറാക്കിയ ജില്ലാ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സംയുക്ത പ്രോജക്ടുകള്‍ രൂപീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സംയുക്ത പ്രോജക്ടുകള്‍ സംബന്ധിച്ചാണ് യോഗം ചേര്‍ന്നത്.  യോഗത്തില്‍ ജില്ലാ പ്ലാനിംഗ്  ആഫീസര്‍ ജില്ലയിലെ 3 സംയുക്ത പ്രോജക്ടുകളായ ജില്ലാ സെര്‍വന്റ്,  ജില്ലാ പ്രഫഷണല്‍സ് പരിശീലനം, മുട്ട വിപണനം, ചക്ക സംസ്‌ക്കരണം എന്നിവയെക്കുറിച്ചും അവയ്ക്ക് സര്‍ക്കാരിന്റെ വിഹിതം കിട്ടുന്നതിന് വേണ്ടി അയക്കേണ്ട സാഹചര്യം സംബന്ധിച്ചും വിശദീകരിച്ചു.
ജില്ലയിലെ ഡോക്ടര്‍ മാരുടെയും എഞ്ചിനീയര്‍മാരുടെയും കുറവ് നികത്താന്‍ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. അസാപിന്റെ സഹായത്തോടെ എഞ്ചിനീയറിംഗ് ബിരുദത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുവാനും പദ്ധതി ലക്ഷ്യമിടുന്നു.  ജില്ലാപഞ്ചായത്ത് പ്രോജക്ട് ഏറ്റെടുക്കണമെന്നും മറ്റ് തദ്ദേശഭരണസ്ഥാപനങ്ങള്‍ വിഹിതം വയ്ക്കണമെന്നും എസ്.സി, എസ്.റ്റി  വകുപ്പ് ഫണ്ട് സ്വരൂപിക്കണമെന്നും   യോഗം അഭിപ്രായപ്പെട്ടു.
 അടിമാലി ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് ഫണ്ട് ലഭ്യമാക്കി അടിമാലിയില്‍ ചക്ക സംസ്‌ക്കരണ യൂണിറ്റ് ആരംഭിക്കാനും അതിന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ  പരിശീലനം ലഭിച്ച 32 പരിശീലനാര്‍ത്ഥികളെ ഉപയോഗപ്പെടുത്തും. കട്ടപ്പനയില്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ  പരിശീലനം ലഭിച്ച 'വനസ്സ്' ട്രെയിനിംഗ് സെന്ററിനെ വിപുലീകരിക്കാനും തീരുമാനിച്ചു. കട്ടപ്പന മുന്‍സിപ്പാലിറ്റിയും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന്  പദ്ധതി നടപ്പാക്കും.  കൃഷി വിഞ്ജാന്‍ കേന്ദ്രവും ജില്ലാ വ്യവസായ കേന്ദ്രവും  പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്തു. ഇതുവഴി 100 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി.   ജില്ലാ വ്യവസായ കേന്ദ്രം വിശദമായ പദ്ധതി രൂപരേഖ  തയ്യാറാക്കും. ഡയറ്റും എസ്.എസ്.എ യും മറ്റു ഫാക്കല്‍റ്റികളെ നല്‍കുകയും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.
 മലയോര മേഖലയായ ജില്ലയിലെ 10-ാം ക്ലാസ്സ് ജയിച്ച കുട്ടികളുടെ ആത്മവിശ്വസക്കുറവ് പരിഹരിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.  പഞ്ചായത്തുതല വിദ്യാഭ്യാസ കമ്മിറ്റികളില്‍ പരിശീലന പരിപാടികളെ സംബന്ധിച്ച അവബോധം നല്‍കും.   പ്രോജക്ട് തയ്യാറാക്കി കുടുബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിര്‍വ്വഹണ ഉദ്യോഗസ്ഥനാക്കി ജില്ലാ ആസൂത്രണ സമിതിയില്‍ ഭേദഗതി യോടെ അംഗീകാരത്തിന്   സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.  കൂടാതെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ ജില്ലാതലത്തില്‍ ഒരെണ്ണം  ആരംഭിക്കാനും തീരുമാനിച്ചു. ഐ.എ.എസ്, എം.ബി.ബി.എസ്. വെറ്റിനറി, ബി.ഡി.എസ്, ആയുര്‍വേദം, അഗ്രികള്‍ച്ചര്‍, തുടങ്ങി  മുഴുവന്‍ കോഴ്‌സുകള്‍ക്കും പരിശീലനം നല്‍കുവാനുളള  ജില്ലാ പ്രഫഷണല്‍സ് പരിശീലനം എന്ന പ്രോജക്ട് കൂടി രൂപീകരിച്ച് കുടുബശ്രീയുടെ നേതൃത്വത്തില്‍ നിര്‍വ്വഹണം നടത്തുവാനും കൂടാതെ എസ്.സി/എസ്.റ്റി വകുപ്പുകളുടെ ഫണ്ടുകൂടി ഉള്‍പ്പെടുത്തുവാനും തീരുമാനിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി എം. ഹരിദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ.ഷീല, ഡയറ്റ് ലക്ചറര്‍ ജയ്‌മോന്‍ ജോസഫ്, ശാന്തന്‍പാറ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര പ്രോഗ്രാം അസിസ്റ്റന്റ് ജോയ്‌സി ജോസഫ്, കുടുംബശ്രീ ഡി.പി.എം ശ്രീപ്രിയ ആര്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി.അജേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി മധു, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ബനഡിക്റ്റ് വില്യംസ് ജോണ്‍സ്, ഫാ. ബാബു മറ്റത്തില്‍, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.എസ് ശ്രീരേഖ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date