Skip to main content

ഓണം ഭക്ഷ്യമേള: ലൈസന്‍സ് നിര്‍ബന്ധം

ഓണത്തിന് താത്കാലിക ഭക്ഷ്യ സ്റ്റാളുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് എടുത്തിരിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു. രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെ വില്പന നടത്താന്‍് അനുവദിക്കുന്നതല്ല. ഓണക്കാലത്ത് വിപണിയില്‍് ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാതെ കാണപ്പെടുകയാണെങ്കില്‍ വിവരം ഫുഡ്‌സേഫ്റ്റി ഓഫീസറെയോ ജില്ലാ അസി.കമ്മീഷണറുടെ കാര്യാലയത്തിലോ അറിയിക്കണം.

ഉത്സവ സീസണോടനുബന്ധിച്ചു രൂപീകരിച്ച ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയില്‍ ഇതുവരെ 118 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. വിവിധ ഭക്ഷ്യവസ്തുക്കളുടെ 28 ഓളം സാമ്പിളുകള്‍ ലബോറട്ടറി പരിശോധനയ്ക്കായി എടുത്തു. ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിയമാനുസരണമല്ലാതെ പ്രവര്‍ത്തിച്ചുവന്ന 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 24 സ്ഥാപനങ്ങളില്‍ നിന്നായി 96000 രൂപ പിഴ ഈടാക്കി .   പല ഹോട്ടലുകളിലും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അജിനോ മോട്ടോയും, ഭക്ഷ്യ യോഗ്യമല്ലാത്ത റോസ് വാട്ടര്‍ പോലുള്ള രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നത്. പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷ്യ വസ്തുക്കള്‍ പല കടകളില്‍നിന്നും കണ്ടെത്തി. ഹോട്ടലുകളിലെ ഫ്രീസറുകളില്‍ പലതും വൃത്തിഹീനമായിരുന്നു.  പാകം ചെയ്തതും ചെയ്യാത്തതും, പച്ചക്കറികളും മല്‍സ്യമാംസാദികളും ഒരുമിച്ചു സൂക്ഷിച്ചിരിക്കുന്നതായി കണ്ടു. പല ഫ്രീസറുകളും മതിയായ ഉഷ്മാവിലല്ല പ്രവര്‍ത്തിച്ചിരുന്നത്. തൊടുപുഴയിലെ 2 മല്‍സ്യ വില്പനശാലകളില്‍ നിന്ന് 42 കിലോയോളം പഴകിയ മീന്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഈ കടകള്‍ക്കു നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു.
പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിലേക്കായി ഓണം അവധി ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ്  പ്രവര്‍ത്തന നിരതമായിരിക്കും
ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ടോള്‍ ഫ്രീ നമ്പര്‍ 18004251125
ഇടുക്കി അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നമ്പര്‍   8943346186
ഫുഡ് സേഫ്റ്റി ഓഫീസര്‍ തൊടുപുഴ സര്‍ക്കിള്‍ 8943346544 ,
ഫുഡ് സേഫ്റ്റി ഓഫീസര്‍ പീരുമേട്  സര്‍ക്കിള്‍ 8943346545
ഫുഡ് സേഫ്റ്റി ഓഫീസര്‍ ദേവികുളം   സര്‍ക്കിള്‍ 8943346546  
ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇടുക്കി   സര്‍ക്കിള്‍ 7593873302
ഫുഡ് സേഫ്റ്റി ഓഫീസര്‍ ഉടുമ്പന്‍ചോല  സര്‍ക്കിള്‍ 7593873304
 

date