ഓണ സമൃദ്ധി'ക്ക് തുടക്കം: പഴം പച്ചക്കറികള്‍ 30 ശതമാനം വരെ വിലക്കിഴിവില്‍
ഓണ നാളുകളില്‍ ശുദ്ധവും സുരക്ഷിതവുമായ ഭക്ഷ്യോത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'ഓണ സമൃദ്ധി'കാര്‍ഷിക വിപണിക്ക് തുടക്കമായി. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു. പി. ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ജാഫര്‍ മലിക് ആദ്യ വില്‍പ്പന നടത്തി.
വിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും ഉപഭോക്താക്കള്‍ക്ക് പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. സെപ്തംബര്‍ 10 വരെയാണ് കാര്‍ഷിക ചന്തകള്‍ പ്രവര്‍ത്തിക്കുക. വിവിധ കൃഷി ഭവനുകളുടെയും കൃഷി ഫാമുകളുടെയും ആഭിമുഖ്യത്തില്‍ 120 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ 20 ചന്തകളും വി.എഫ്.പി.സി.കെയുടെ 10 ചന്തകളുമാണ് ജില്ലയിലുള്ളത്.
ഓണക്കാലത്ത് വിപണിയിലുണ്ടാകുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനും കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുന്നതിനുമായാണ് ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കര്‍ഷക കൂട്ടായ്മകളുടെ സഹകരണത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വിപണി സംഘടിപ്പിക്കുന്നത്. ഓണചന്തകള്‍ക്കാവശ്യമായ പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ ജില്ലയിലെ കര്‍ഷകരില്‍ നിന്നുമാണ് സംഭരിക്കുന്നത്. കര്‍ഷകര്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച വിഷരഹിതമായ ഉത്പന്നങ്ങള്‍ നിലവിലെ സംഭരണവിലയെക്കാള്‍ 10 ശതമാനം അധിക വില നല്‍കിയാണ് സംഭരണം. സംസ്ഥാനത്ത് ഉല്‍പാദനമില്ലാത്തതും ഉല്‍പാദനത്തേക്കാള്‍ അധികം ആവശ്യമുള്ളതുമായ ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വഴിയും സംഭരിച്ച് വിപണിയിലെത്തിക്കും.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ നാരായണന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ പി എച്ച് ഫൈസല്‍, മുഹമ്മദലി ഹാജി, കാവറൊടി മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments