Skip to main content

സമഗ്ര ട്രോമകെയർ: സൗജന്യ ആംബുലൻസ് സേവനങ്ങളുടെ  ഉദ്ഘാടനം ഇന്ന് ( 17.09.19)

* സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിന്  മുഖ്യമന്ത്രി നിർവഹിക്കും
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് ഇന്ന് തുടക്കമാകും. പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലൻസ് ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യമന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, എ.കെ. ശശീന്ദ്രൻ, ജി. സുധാകരൻ എന്നിവർ പങ്കെടുക്കും.
അപകടത്തിൽപ്പെടുന്നവരെ അടിയന്തരമായി അപകടസ്ഥലത്തുനിന്നും ചികിത്സാകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ സൗജന്യ ആംബുലൻസ് ശൃംഖല, അടിയന്തര ചികിത്സ ഏറ്റവും ഫലവത്തായി നൽകുവാൻ കഴിയുന്നവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഗോൾഡൻ അവർ ട്രീറ്റ്‌മെന്റ് പാക്കേജ്, റോഡപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനാവശ്യമായിട്ടുള്ള ബോധവൽക്കരണം എന്നിവ സമഗ്ര ട്രോമകെയർ പദ്ധതിയുടെ വിവിധ ഉപഘടകങ്ങളാണ്. ഇതിൽ സമഗ്ര ട്രോമകെയർ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലൻസ് ശൃംഖലയുടെ ഉദ്ഘാടനമാണ്  ഇന്ന് നടക്കുക.
മെഡിക്കൽ കോളേജുകളിൽ മികച്ച ട്രോമകെയർ സംവിധാനമാണ് ഒരുക്കുന്നത്. സമഗ്ര ട്രോമകെയർ സംവിധാനത്തിന്റെ ആദ്യ പടിയാണ് മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ സ്ഥാപിച്ചു വരുന്നത്. ഇതിന്റെ പരിശീലനത്തിനായാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 12 കോടി രൂപയുടെ അപക്‌സ് ട്രെയിനിംഗ് & സിമുലേഷൻ സെന്റർ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 48 മണിക്കൂർ 'ഗോൾഡൻ അവർ' സൗജന്യ ചികിത്സ ഇതിന് സമാന്തരമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 315 ആംബുലൻസുകളുടെ വിന്യാസവും 'ഗോൾഡൻ അവർ' ട്രീറ്റ്‌മെന്റ് പാക്കേജും ഏറ്റവും ചുരുങ്ങിയ കാലയളവിൽ നടപ്പിൽ വരുത്തുന്ന തരത്തിലാണ് സർക്കാർ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
'കനിവ് 108' എന്നാണ് ഈ അംബുലൻസ് ശൃംഖലയുടെ പേര്. അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലൻസുകളുടേ സേവനമാണ് ഉറപ്പാക്കുന്നത്.   സെപ്തംബർ 17ന് 100 ആംബുലൻസുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്ടോബറോടെ 315 ആംബുലൻസുകളുടെ ശൃംഖല പൂർത്തീകരിക്കും പൂർണമായ രൂപത്തിൽ പദ്ധതി നടപ്പിലാകുമ്പോൾ തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ 28 വീതവും കൊല്ലത്ത് 21-ഉം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 15 വീതവും ആലപ്പുഴയിൽ  18-ഉം കോട്ടയത്ത് 17-ഉം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ 32 വീതവും കോഴിക്കോട്  31-ഉം വയനാട്  11-ഉം കണ്ണൂർ ജില്ലയിൽ 21-ഉം കാസർകോട്  14-ഉം ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ വിന്യസിക്കുന്ന തരത്തിലാണ് പദ്ധതി ഏകോപിപ്പിച്ചിരിക്കുന്നത്.
ആംബുലൻസ് ശൃംഖലകളെ 24 മണിക്കൂർ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലും റോഡപകടങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന 12 മണിക്കൂറുകളിൽ (രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയുള്ള സമയത്ത്) സേവനം ചെയ്യുന്നവ (Peak Hour) എന്ന ഗണത്തിലും ആക്കി നിജപ്പെടുത്തിയാണ് പൂർണമായ ഉപയോഗക്ഷമത ഉറപ്പാക്കുന്നത്. റോഡപകടങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്ത് 315 ആംബുലൻസുകളുടേയും സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാധ്യത കൂടിയ ഉൾനാടൻ റോഡുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ പാതകളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. സർക്കാർ ആശുപത്രികൾക്കു പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിയിൽ പ്രയോജനപ്പെടുത്തും.
ആംബുലൻസുകളിൽ പരിശീലനം സിദ്ധിച്ച പൈലറ്റും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും അടങ്ങുന്ന സാങ്കേതികത്തികവുള്ള ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. റോഡപകടങ്ങളിൽപ്പെടുന്ന ഏതൊരു വ്യക്തിക്കും കൃത്യതയും ഗുണനിലവാരമുള്ള അടിയന്തര ആതുരശുശ്രൂഷ ഉറപ്പാക്കുക എന്നുള്ള ഏറ്റവും ശ്രമകരമായ സംരംഭത്തിൽ എല്ലാവരുടേയും പിന്തുണയും മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭ്യർഥിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ ഷർമ്മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ദിലീപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.3308/19

date