Skip to main content

പെരിഞ്ഞനം പഞ്ചായത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി 23 ന് നിർവഹിക്കും

പെരിഞ്ഞനം പഞ്ചായത്തിലെ 12 വികസന പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 23 രാവിലെ 9.30 ന് പെരിഞ്ഞനം യമുന കാസിൽ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 2019 ഫെബ്രുവരി 18 ന് ഹർത്താൽ മൂലവും 2019 ആഗസ്റ്റ് 15ന് കനത്തമഴ മൂലവും മാറ്റി വെക്കേണ്ടി വന്ന ഉദ്ഘാടനമാണ് ഇത്. പൂർത്തീകരിച്ച എട്ടു പദ്ധതികളും നിർമ്മാണം ആരംഭിക്കുന്ന നാല് പദ്ധതികളുമാണ് ഉദ്ഘാടനം ചെയ്യപ്പെടുക.

ജില്ലയിൽ ഏറ്റവുമധികം പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുന്ന പഞ്ചായത്താകും ഇതോടെ പെരിഞ്ഞനം പഞ്ചായത്ത്. ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം, ലൈഫ് മിഷനുകൾ എന്നിവയുടെ ഭാഗമായുള്ളതാണ് പദ്ധതികൾ. പെരിഞ്ഞനോർജ്ജം സോളാർ വൈദ്യുതപദ്ധതി (500 കിലോവാൾട്ട്), 9.5 കിലോവാട്ട് സോളാർപാനൽ പഞ്ചായത്തിനായി നിർമ്മിക്കുകയും ഉത്പാദിപ്പിക്കുന്ന വൈദ്യുതി പഞ്ചായത്തിന്റെ എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകൾക്കായി ഉപയോഗിക്കുകയും ചെയ്യുന്ന പദ്ധതി, ക്ലീൻ പെരിഞ്ഞനം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പദ്ധതിയുടെ വിപുലീകരണം, ബയോഫാർമസി, കിത്ത് ആന്റ് കിൻ കുടുംബശ്രീ ബ്രാൻഡ്, കുടുംബശ്രീ കോമൺ ഫെസിലിറ്റി സെന്റർ, ഒരുമ എസ്.സി. കോളനി സമഗ്രപദ്ധതി, പതിനാലാം വാർഡിൽ നിർമ്മിച്ചിട്ടുള്ള പുതിയ മാതൃകാ അംഗൻവാടി കെട്ടിടം എന്നിങ്ങനെ എട്ട് പദ്ധതികളാണ് പണി പൂർത്തീകരിച്ചിരിക്കുന്നത്. സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.ഇ.സി.ഐ) സബ്‌സിഡിയോടെ 500 കിലോവാട്ട് സോളാർ വൈദ്യുതി ഉപയോഗിച്ച് പഞ്ചായത്തിന്റെ തെരുവ് വിളക്കുകൾക്കായി സ്ഥാപിക്കുന്ന പദ്ധതിയാണ് പെരിഞ്ഞനോർജ്ജം സോളാർ വൈദ്യുതപദ്ധതി. ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണ് ക്ലീൻ പെരിഞ്ഞനം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണപദ്ധതി. കിത്ത് ആന്റ് കിൻ എന്ന ബ്രാന്റിൽ പെരിഞ്ഞനത്തെ കുടുംബശ്രീ ഉത്പന്നങ്ങളെ ഒന്നാക്കുന്ന പദ്ധതിയാണ് കോമൺഫെസിലിറ്റി സെന്റർ. ഹരിതകർമ്മാംഗങ്ങളുടെ കീഴിൽ ജൈവവളവും ജൈവകീടനാശിനിയും നിർമ്മിച്ച് വിപണനം ചെയ്യുന്ന പദ്ധതിയാണ് ബയോഫാർമസി. മത്സ്യത്തൊഴിലാളി വികസനത്തിനായി മിനിഫിഷ്ലാന്റിങ്ങ് സെന്റർ, വല റിപ്പയർ ചെയ്യുന്ന ഹാൾ, പകൽവീട്, മത്സ്യവിപണനം, മത്സ്യസംസ്‌കരണം, മത്സ്യവിഭവങ്ങളുടെ ഉത്പാദനവും വിപണനവും എന്നിവയുൾപ്പെടുന്ന പെരിഞ്ഞനം ആറാട്ടുകടവ് സമഗ്രപദ്ധതി എന്നിവയാണ് മറ്റു പദ്ധതികൾ. ഇതോടൊപ്പം പ്രളയബാധിതരായ ഭൂരഹിത-ഭവനരഹിതർക്ക് റോട്ടറി ക്ലബ്ബ് ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമ്മിച്ചു നൽകുന്ന 18 വീടുകളുടെ കരാർ കൈമാറ്റം, മതിലകത്തുവീട്ടിൽ മുഹമ്മദ് എന്ന പ്രവാസി മലയാളി പ്രളയബാധിതരായ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകുന്ന അഞ്ച് വീടുകളുടെ നിർമ്മാണോദ്ഘാടനം, ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിച്ച് 20 സുനാമിവീടുകൾക്ക് പാചകവാതകം നൽകുന്ന ഗോബർധൻ ജൈവമാലിന്യ സംസ്‌കരണ പദ്ധതി, ആറാം വാർഡിൽ നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം എന്നിവയാണ് തുടങ്ങുന്ന പദ്ധതികൾ.

സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ബയോഫാർമസിയുടെ ഉദ്ഘാടനവും ചാലക്കുടി നിയോജക മണ്ഡലം എംപി ബെന്നി ബഹനാൻ ഫ്‌ളാറ്റുകളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്,മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ അബീദലി, കെഎസ്ഇബി മുൻ ചെയർമാൻ ടി എൻ മനോഹരൻ, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതമ്മ, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ജനറൽ മാനേജർ ജെയിൻ, കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടർ പി കുമാരൻ, കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ ജ്യോതിഷ് കുമാർ, സാഫ്ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ വി പ്രശാന്തൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
 

date