Skip to main content

 അധികാരത്തെ ജനപക്ഷത്ത് നിന്ന് വിനിയോഗിക്കാൻ കഴിയണം _സ്പീക്കർ പി ശ്രീരാമകൃഷ്ണൻ 

 

 

നമുക്ക് ലഭിക്കുന്ന അധികാരത്തെ ജനപക്ഷത്ത് നിന്ന് വിനിയോഗിക്കാൻ കഴിയണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.

കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടോദ്ഘാടനം ഓഫീസ് പരിസരത്ത് നിർവഹിക്കുകയായിരുന്നു സ്പീക്കർ .

ജനങ്ങൾക്ക് പലവിധ ലഹരികളുണ്ട്. അതിലൊന്നാണ് അധികാര ലഹരി .അധികാര ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയോടെയാവണം .നമുക്ക് ജോലികൾ സർഗാത്മകമായും ,യാന്ത്രികമായും ചെയ്യാൻ കഴിയും സർഗാത്മകമായി ചെയ്യാനാണ് ശ്രമിക്കേണ്ടത് .

 അധികാരവും പദവിയുമുള്ള, നാടിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ശേഷിയുള്ള ലോകത്തെ വിസ്മയിപ്പിക്കുന്ന അധികാര കേന്ദ്രങ്ങളാണ് ഗ്രാമപഞ്ചായത്തുകൾ .

 പ്രാദേശികമായ സർക്കാർ തന്നെയാണ് പഞ്ചായത്തുകൾ. ജനങ്ങൾക്ക് നൽകുന്നസേവനം നന്നാക്കി വലുതാക്കി കൊണ്ടുവരാനാണ് ശ്രമിക്കേണ്ടേത് .അത് പ്രാകൃതമാക്കാനല്ല എന്നും സ്പീക്കർ പറഞ്ഞു .നാദാപുരം എം എൽ എ . ഇ കെ വിജയൻ അധ്യക്ഷനായിരുന്നു. കാവിലും പാറ പഞ്ചായത്ത് പ്രസിഡന്റ്  അന്നമ്മ ജോർജ് സ്വാഗതം പറഞ്ഞു .പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ റിപ്പോർട്ട്, അവതരിപ്പിച്ചു. 
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ജി.ജോർജ് മാസ്റ്റർ , മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം സതി, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ.ടി അശ്വതി ,  കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിഎൻ ബാലകൃഷ്ണൻ , കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി രാജൻ , വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുള്ള , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് കലാ പരിപാടികളും അരങ്ങേറി.

 

സൗത്ത് ബീച്ച് പരിസരം ശുചീകരിക്കും

 

  നാഷണല്‍ സെന്റര്‍ ഫോര്‍  കോസ്റ്റല്‍ റിസര്‍ച്ചിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ ക്‌ളീന്‍ ബീച്ച് മിഷന്റെ ഭാഗമായി അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിവസമായ സെപ്തംബര്‍ 21 -ന് രാവിലെ  എട്ട് മണി മുതല്‍ കോഴിക്കോട് സൗത്ത് ബീച്ച് പരിസരം ശുചീകരിക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളുടെയും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുന്നത്.

 

 ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം  23 ന്

 

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം സെപ്തംബര്‍ 23 ന് രാവിലെ 10 മണിക്ക് കോഴിക്കോട് മുതലക്കുളം ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു.

 

വയനാട് ജില്ല -- പി.ആര്‍.ഡി പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
*സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ ഒഴിവുകള്‍

    

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്ത ശൃംഖല പദ്ധതിക്കായി വയനാട് ജില്ലയില്‍ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. ഇതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ 20 ന് രാവിലെ 10.30ന് വയനാട് കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാവിലെ എട്ടുമണിമുതല്‍ ഒന്‍പതര വരെ രജിസ്റ്റര്‍ ചെയ്യാം. 
    സബ് എഡിറ്റര്‍ നിയമനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ആണ് യോഗ്യത. മാധ്യമസ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ജില്ലയില്‍ ഒരു സബ് എഡിറ്റര്‍ ഒഴിവാണുള്ളത്.
    ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിയമനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ഉണ്ടായിരിക്കണം. കണ്ടന്റ് എഡിറ്റര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ആണ് യോഗ്യത. സമൂഹമാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷന്‍, ഗ്രാഫിക് ഡിസൈന്‍ എന്നിവയില്‍ പരിചയം വേണം. മൂന്നുവിഭാഗത്തിലും ജേര്‍ണലിസത്തില്‍ അല്ലെങ്കില്‍ മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഇവര്‍ക്കും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതിന് തെളിവ് ഹാജരാക്കേണ്ടതാണ്. കേരള പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും.
    പ്രിസം പദ്ധതിയില്‍ ഒരാള്‍ക്ക് ഒരു ജില്ലയില്‍ മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവൂ. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. എംപാനല്‍ ചെയ്യപ്പെട്ടവര്‍ക്ക് ഇതര ജില്ലകളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല.
    മൂന്നു വിഭാഗങ്ങളിലേക്കുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. സബ് എഡിറ്റര്‍ക്ക് പ്രതിമാസം 19800 രൂപയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിനും കണ്ടന്റ് എഡിറ്റര്‍ക്കും പ്രതിമാസം 15400 രൂപയുമാണ് പ്രതിഫലം. വാക്ക്ഇന്‍ഇന്റര്‍വ്യൂവിനെത്തുന്നവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ www.prd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

അഴിയൂരില്‍ സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമം നടത്തി

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്തും മഹാത്മ ദേശ സേവ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് പഞ്ചായത്തിലെ കുടുംബശ്രി  അംഗങ്ങളുടെ സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമം നടത്തി. ഭക്ഷ്യയോഗ്യമായ ഭക്ഷണം, കുഞ്ഞുങ്ങള്‍ക്ക് വിഷരഹിത ഭക്ഷണം എന്ന വിഷയത്തില്‍ ക്ലാസ്സും സംഘടിപ്പിച്ചു. പഞ്ചായത്തിലെ സ്‌കുള്‍ കുട്ടികള്‍ മുത്തശ്ശിയോട് ചോദിക്കാം എന്ന പദ്ധതി പ്രകാരം മുത്തശ്ശിമാരില്‍ നിന്ന് ശേഖരിച്ച പഴഞ്ചൊലുകള്‍ അടങ്ങിയ പഴമയിലെ നറുമൊഴികള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.
ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ സി.സുരേന്ദ്രനാഥ്   പ്രമുഖ കവിയത്രി അജിത കൃഷ്ണക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. സംഘകൃഷി സംഗമവും സി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അഴിയൂര്‍ പഞ്ചായത്തില്‍ 78 സംഘകൃഷി ഗ്രൂപ്പുകള്‍ ഉണ്ട്. ഒരു ഗ്രൂപ്പില്‍ നാല് പേരാണ് അംഗങ്ങള്‍, ഒരു ഗ്രൂപ്പ് മിനിമം ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യണം, ബാങ്കില്‍ നിന്ന് വായ്പയും, കുടുംബശ്രി സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.  പച്ചക്കറികള്‍, വാഴ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന രയരോത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പുസ്തക പരിചയം നടത്തി, മഹാത്മ ദേശ സേവ ട്രസ്റ്റ് ചെയര്‍മാന്‍, ടി. ശ്രീനീവാസന്‍, വാര്‍ഡ് മെമ്പര്‍ വി.പി.ജയന്‍, അജിതമുക്കാളി, സലാം മാസ്റ്റര്‍, പി.കെ.പ്രകാശന്‍ കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ പി.കെ.സുശീല, എന്നിവര്‍ സംസാരിച്ചു. റിട്ട: കൃഷി ഓഫീസര്‍ പി.എം. വല്‍സലന്‍ ക്ലാസ്സ് എടുത്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി തുളസി, താനി, തേന്‍വരിക്ക ചെടികള്‍ നല്‍കി.

 

അടിയന്തിര ധനസഹായം വിതരണം ചെയ്തു

 

റോഡപകടത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി പാറക്കല്‍താഴെ അബ്ദുറഹിമാന്റെ ഭവനം മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര ധനസഹായം നല്‍കി. മേഖല എക്‌സിക്യൂട്ടീവ് ഒ. രേണുകാദേവി, ജൂനിയര്‍ എക്‌സിക്യൂട്ടീവ് ആദര്‍ശ് സി, ഫിഷറീസ് ഓഫീസര്‍ മറിയം ലബീന, മത്സ്യഫെഡ് ഭരണസമിതി അംഗം സി.പി.രാമദാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 
റേഷന്‍കാര്‍ഡ് വിതരണം : 25 വരെ താല്‍ക്കാലികമായി നിര്‍ത്തി 

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും പുതിയ റേഷന്‍കാര്‍ഡ് വിതരണവും സെപ്തംബര്‍ 25 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date