Skip to main content

റോഡുകളുടെ അറ്റകുറ്റപ്പണി: പുരോഗതി കളക്ടര്‍ വിലയിരുത്തി

 

23 ന് തെളിവു സഹിതം ഹാജരാകാൻ നിർദ്ദേശം

 

കാക്കനാട്: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച പുരോഗതി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. അടിയന്തര അറ്റകുറ്റപ്പണി നിര്‍ദേശിച്ച റോഡുകളെ സംബന്ധിച്ച റിപ്പോര്‍ട്ടാണ് കളക്ടര്‍ പരിശോധിച്ചത്. ജില്ലയിലെ 45 റോഡുകള്‍ അടിയന്തരമായി ഗതാഗതയോഗ്യമാക്കാനാണ് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വകുപ്പ് പ്രകാരം കളക്ടര്‍ ഉത്തരവിട്ടിരുന്നത്. വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

 

റോഡുകളുടെ ചുമതല വഹിക്കുന്ന എക്സി.എഞ്ചിനീയർമാരും അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും യോഗത്തിൽ പങ്കെടുത്ത് വിശദീകരണം നൽകി.  മഴ തുടരുന്നത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതായി അവർ അറിയിച്ചു.   രാത്രിയില്‍ പരമാവധി നിര്‍മാണം നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.  ഇതു സംബന്ധിച്ച് സെപ്റ്റംബർ 23ന് എറണാകുളം ഗസ്റ്റ് ഹൗസിൽ അടുത്ത യോഗം ചേരും.

 

കളക്ടറുടെ ഉത്തരവിന് മുമ്പും ശേഷവുമുള്ള റോഡുകളുടെ സ്ഥിരി സംബന്ധിച്ച് ചിത്രങ്ങള്‍ വകുപ്പുകള്‍ ഹാജരാക്കണം. റോഡ് നിര്‍മാണ പുരോഗതി സംബന്ധിച്ച് പൊലീസും ഇതുമായി ബന്ധപ്പെടുന്ന മറ്റു വകുപ്പുകളും റിപ്പോര്‍ട്ട് നല്‍കും. കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം നടപടി സ്വീകരിക്കും.അറ്റകുറ്റപ്പണിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെയും എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെയും വിവരം ശേഖരിക്കാനും കളക്ടർ നിർദ്ദേശം നൽകി. പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി.പൂങ്കുഴലി,  അസി.കമ്മീഷണർ (ട്രാഫിക്) ഫ്രാൻസിസ് ഷെൽബി  തുടങ്ങിയവർ പങ്കെടുത്തു

date