Skip to main content

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ദേശീയ പുരസ്‌കാരം

·    2017-18ലെ ദീന്‍ദയാല്‍ ഉപാദ്യായ സശാക്തീകരണ്‍ പുരസ്‌കാരം
·    പുരസ്‌കാരം പാഥേയം ഉള്‍പ്പടെ വിവിധ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയതിന്

കേന്ദ്ര സര്‍ക്കാരിന്റെ 2017-18ലെ ദീന്‍ദയാല്‍ ഉപാദ്യായ സശാക്തീകരണ്‍ പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു. പ്രാഥമിക തലത്തില്‍ സംസ്ഥാനതല പരിശോധന സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തില്‍ നിന്ന് ദേശീയ തല പരിശോധനാ സംഘം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തി വിവിധ രേഖകള്‍ പരിശോധിച്ചു. കൂടാതെ നേരിട്ടും പവര്‍പോയിന്റ് പ്രസന്റേഷനിലൂടെയും വിവിധ പദ്ധതികളുടെ വിജയകരമായ നടത്തിപ്പ് മനസിലാക്കിയ ശേഷമാണ് പുരസ്‌കാരത്തിന് പഞ്ചായത്തിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

2017-18ല്‍ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ജില്ലാ പഞ്ചായത്ത് നേടിയിട്ടുണ്ട്. കൂടാതെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള പ്രഥമ പ്രതിഭാ പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന് ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന ജലശ്രീ , പാഥേയം, ഗ്രീന്‍ മില്‍ക്ക് തുടങ്ങിയ പദ്ധതികള്‍ ഏറെ ജനപ്രിയവും ശ്രദ്ധേയവുമാണ്.

പുരസ്‌കാരം നേടാന്‍ ഒപ്പംനിന്ന മുഴുവന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
(പി.ആര്‍.പി. 1036/2019)

 

date