ക്യാന്‍സര്‍ വിമുക്ത ഗ്രാമത്തിനായി വിദ്യാര്‍ത്ഥികള്‍ ഒരുമിക്കുന്നു
മലപ്പുറം ഗവ.കോളജ് എന്‍.എസ്.എസ് യൂനിറ്റും എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടപ്പാക്കുന്ന 'ക്യാന്‍സറിനെ അതിജീവിക്കാം, നേരത്തെ കണ്ടെത്താം' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുടക്കമായി.
ആനക്കയം ഗ്രാമ പഞ്ചായത്തിനെ അര്‍ബുദമുക്ത ഗ്രാമമായി പ്രഖ്യാപിക്കുന്ന ബഹുമുഖ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വരുന്ന മൂന്നു മാസക്കാലയളവില്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ സര്‍വെ നടക്കും. രണ്ടാം ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായവരില്‍ വിശദമായ രോഗ നിര്‍ണ്ണയ ക്യാമ്പ് നടക്കും. മൂന്നാം ഘട്ടത്തില്‍ അര്‍ബുദ രോഗം വരാതിരിക്കാനാവശ്യമായ ജീവിത ശൈലി ബോധവത്ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും.
കോളജ് സെമിനാര്‍ ഹാളില്‍ വളണ്ടിയര്‍മാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുനീറ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. അലവി ബിന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ സര്‍ജിക്കല്‍ ഓങ്കോളജി വകുപ്പ് മേധാവി ഡോ. സുധീഷ് മനോഹരന്‍ ക്ലാസ്സെടുത്തു. പുതുതലമുറയില്‍ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ മൂലമുണ്ടാവുന്ന രോഗങ്ങളെക്കുറിച്ച് ഡോ.സുധീഷ് മനോഹര്‍ വിശദീകരിച്ചു.
പി.ടി.എ സെക്രട്ടറി പ്രൊഫ. ബൈജു മോന്‍, പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ, ടി. ഹസനത്ത് എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരായ ഫാതിമ ഷെറിന്‍ പുത്തലത്ത്, ഹെന്ന കെ.സി, സംഗീത, ശ്രുതി, അശ്വതി ദേവി, ഫാതിമ അമീറ എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments