Skip to main content

പോഷൺ അഭിയാൻ: മാസാചരണത്തിന് ജില്ലയിൽ തുടക്കമായി

കുട്ടികൾ, ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരിലെ പോഷകസമൃദ്ധി ലക്ഷമിട്ട് നടപ്പിലാക്കുന്ന പോഷൺ അഭിയാൻ പദ്ധതി( സമ്പുഷ്ട കേരളം)യുടെ ഭാഗമായി ജില്ലാതല ഐസിഡിഎസ് സെല്ലിൻെ്‌റ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പോഷൺ അഭിയാൻ മാസാചരണത്തിന് തുടക്കമായി. സെപ്തംബർ 16 മുതൽ ഒക്‌ടോബർ 16 വരെയാണ് ജില്ലയിലെ മാസാചരണം. കുട്ടിയുടെ ജനനം മുതൽ ആദ്യ ആയിരംദിനങ്ങൾ, ഗർഭധാരണം മുതൽ കുട്ടിയുടെ 2 വയസ് വരെയുള്ള കാലഘട്ടം എന്നീ സമയങ്ങളിൽ കുട്ടിക്കും മാതാവിനും പോഷകസമൃദ്ധി പദ്ധതി ലക്ഷ്യമിടുന്നു. ഇതോടൊപ്പം അനീമിയ മുക്ത ഭാരതം, ഡയേറിയ മാനേജ്‌മെൻ്‌റ്, വ്യക്തിശുചിത്വം- പോഷകസമൃദ്ധ ഭക്ഷണം ഉറപ്പുവരുത്തൽ എന്നിവ ലക്ഷ്യമിടുന്ന പദ്ധതിയാണ് പോഷൺ അഭിയാൻ.
ജനനസമയത്ത് കുട്ടികൾക്ക് തൂക്കക്കുറവ് ജില്ലയിൽ എറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത പഴയന്നൂർ ബ്ലോക്കിലും, തളിക്കുളം ബ്ലോക്കിലും മാസാചരണത്തിൻെ്‌റ ഭാഗമായി കൂടുതൽ ശ്രദ്ധ നൽകാൻ കളക്‌ട്രേറ്റ് ചേമ്പറിൽ ചേർന്ന് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്കായി തൊഴിൽ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബോധവൽക്കരണ ക്‌ളാസുകൾ സംഘടിപ്പിക്കും. കെഎസ്ആർടിസി ബസുകളിൽ പദ്ധതിയുടെ സന്ദേശം ഉൾക്കൊള്ളുന്ന സ്റ്റിക്കറുകൾ പതിക്കുകയും ബിഎസ്എൻഎൽ വഴി ഫോൺ സന്ദേശം നൽകുകയും ചെയ്യും. ജില്ലയിലെ മുഴുവൻ എംപിമാരോടും എംഎൽഎമാരോടും ഇതുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയെങ്കിലും എറ്റെടുക്കാൻ അഭ്യർഥിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ 23 ഐസിഡിഎസ് ബ്ലോക്കുകളിൽ ബോധവൽക്കരണ ക്ലാസുകൾ ഇതിനോടകം നടത്തി കഴിഞ്ഞു. ഈ മാസം 19, 20 തീയതികളിലായി ബ്ലോക്ക്തല എസ്‌കിബിഷനുകളും സംഘടിപ്പിച്ചു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും കൂടുതൽ അവബോധ പ്രവർത്തനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. അംഗൻവാടികൾ, സ്‌കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് കൗമാരാക്കാരായ പെൺകുട്ടികൾക്കായുള്ള ക്‌ളാസുകൾ ഉൾപ്പടെയുള്ളവ സംഘടിപ്പിക്കും. ജില്ലാ ആരോഗ്യവകുപ്പിൻെ്‌റ നേതൃത്വത്തിൽ ആറോളം മെഡിക്കൽ ക്യാമ്പുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date