Skip to main content

വോട്ടെണ്ണല്‍; ഒരുക്കം തുടങ്ങി

     പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 27ന് രാവിലെ എട്ടിനാണ് പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണല്‍ ആരംഭിക്കുക. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയയ്ക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

വോട്ടിംഗ് യന്ത്രങ്ങള്‍ കാര്‍മല്‍ പബ്ലിക് സ്കൂളിലെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന ജോലി തിങ്കളാഴ്ച്ച രാത്രി 11ന് പൂര്‍ത്തിയായി. പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ ഒപ്പിട്ടു നല്‍കുന്ന  17എ രജിസ്റ്ററും അനുബന്ധ രേഖകളും തിരഞ്ഞെടുപ്പിന്‍റെ പൊതു നിരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍റെ നേതൃത്വത്തില്‍ ഇന്നലെ(സെപ്റ്റംബര്‍  24) രാവിലെ കാര്‍മല്‍ സ്കൂളില്‍ പരിശോധിച്ചു. റിട്ടേണിംഗ് ഓഫീസര്‍ എസ്. ശിവപ്രസാദ്, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ ഇ. ദില്‍ഷാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

   കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് വോട്ടെണ്ണല്‍ കേന്ദ്രം സജ്ജമാക്കുക. വോട്ടെണ്ണലിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ രാജേഷ് ആര്‍. നായര്‍ ക്ലാസെടുത്തു. ട്രെയിനിംഗ് നോഡല്‍ ഓഫീസര്‍ ബി. അശോക് നേതൃത്വം നല്‍കി.  69 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇവര്‍ക്കുളള രണ്ടാം ഘട്ടം പരിശീലനം 26ന് നടക്കും.

date