Skip to main content

ചേളാരിയില്‍ വിഎച്ച്എസ്സി വിദ്യാര്‍ത്ഥികള്‍ക്കായി 3.75 കോടിയുടെ പുതിയ കെട്ടിടമൊരുങ്ങുന്നു  പ്രവൃത്തി അന്തിമഘട്ടത്തില്‍

ചേളാരി ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 3.75 കോടിയുടെ പുതിയ കെട്ടിടം വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഒരുങ്ങുന്നു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തിലുള്ള കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തി. ഡ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പെടെ രണ്ട് നിലയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം സജ്ജീകരിക്കുന്നത്. ആറ് ക്ലാസ് മുറികളുള്ള കെട്ടിടത്തില്‍ ഫിസിക്സ്-കെമിസ്ട്രി ലാബ്, പ്രിന്റിങ് ലാബ്, കമ്പ്യൂട്ടര്‍ സയന്‍സ്  ലാബുകള്‍, മുകളിലെ നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, സിസിടിവി, പബ്ലിക് അഡ്രസിങ് സിസ്റ്റം, എല്ലാ മുറികളിലും ഇന്റര്‍നെറ്റ് സേവനം, പ്രിന്‍സിപ്പലിന്റെ ഓഫീസ്, സ്റ്റാഫ് റൂം എന്നീ സൗകര്യങ്ങള്‍ക്ക് പുറമെ കെട്ടിടമുറ്റത്ത് ഇന്റര്‍ലോക്കും ജലലഭ്യത ഉറപ്പുവരുത്തി ബോര്‍വെല്ലും സ്ഥാപിച്ചിട്ടുണ്ട്. ഇലക്ടട്രോണിക്സ് സജ്ജീകരണങ്ങള്‍ക്ക് മാത്രമായി എട്ടു ലക്ഷം രൂപയാണ് ചെലവഴിച്ചത്. 
സ്‌കൂളില്‍ വി.എച്ച്.എസ്.സി വിഭാഗത്തില്‍ മാത്രമായി 240 വിദ്യാര്‍ത്ഥികളാണുള്ളത്. മൂന്ന് പ്രിന്റിങ് ബാച്ചും ഒരു കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബാച്ചുകളുമുണ്ട്. 2018 ഓഗസ്റ്റ് ഒന്‍പതിന് നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയ മഞ്ചേരി ആസ്ഥാനമായുള്ള കൈറ്റ് കണ്‍സ്ട്രക്ഷന്‍സ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കെട്ടിടം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഒക്ടോബര്‍ അവസാന വാരം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.ജിനേഷ്, പി.ടി.എ പ്രസിഡന്റ് എ.പി സലീം എന്നിവര്‍ പറഞ്ഞു. വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി ഇതാദ്യമായാണ് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നത്.
 

date