Skip to main content

കോട്ടക്കല്‍ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് പൊതു വിദ്യാലയ മണ്ഡലം യോഗം ചേര്‍ന്നു

  കോട്ടക്കല്‍ മണ്ഡലത്തെ   സമ്പൂര്‍ണ്ണ സ്മാര്‍ട്ട് പൊതു വിദ്യാലയ മണ്ഡലമായി പ്രഖ്യാപനം  നടത്തുന്നതിന്റെ മുന്നോടിയായി കോട്ടക്കല്‍ മണ്ഡലത്തിലെ പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു. നവംബര്‍ ആദ്യത്തോടെ പ്രഖ്യാപനം നടത്താനാണ് യോഗത്തില്‍ ധാരണയായത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഐ.ടി അറ്റ് സ്‌കൂള്‍ പ്രതിനിധി കെ. മുഹമ്മദ് ഷെരീഫ് പദ്ധതി വിശദീകരണവും സംശയ നിവാരണവും  നടത്തി. ബ്ലോക്ക് മെമ്പര്‍ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, കുറ്റിപ്പുറം എ.ഇ.ഒ കെ. സീതാലക്ഷമി, മലപ്പുറം എ.ഇ.ഒ ഹസീന നാനാക്കല്‍,ബി.പി.ഒ പി.എ ഗോപാലകൃഷ്ണന്‍,കുറ്റിപ്പുറം സബ് ജില്ല എച്ച്.എം   ഫോറം സെക്രട്ടറി വി.പി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, എം. അഹമ്മദ് മാസ്റ്റര്‍, എം. മോഹന്‍ദാസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
    യോഗത്തില്‍ മണ്ഡലത്തിലെ  ഗവണ്‍മെന്റ് / എയ്ഡഡ് എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  എന്നിവയുടെ പ്രിന്‍സിപ്പാള്‍മാരും പ്രധാനാധ്യാപകരും പങ്കെടുത്തു.  
     പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍  ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എം.എല്‍.എയുടെ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയില്‍ നിന്നും ഫണ്ടനുവദിച്ച് മണ്ഡലത്തിലെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകള്‍ക്കും നല്‍കുന്ന ഐ.സി.ടി ഉപകരണ വിതരണം, 
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ് ബി ധനസഹായത്തോടെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ് )   നടപ്പിലാക്കുന്ന ഐ.ടി. പദ്ധതികളായ ഹൈടെക് സ്‌കൂള്‍ പദ്ധതി, ഹൈടെക് ലാബ് പദ്ധതി എന്നിവ അന്തിമ ഘട്ടത്തിലാണ്. 
   എം.എല്‍.എയുടെ ആസ്തി വികസന പദ്ധതി , പ്രാദേശിക വികസന പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ ഗവണ്‍മെന്റ് / എയ്ഡഡ് സ്‌കൂളുകള്‍ക്കും ഐ.സി.ടി ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടവും ഉടനെ പൂര്‍ത്തീകരിക്കും .എം .എല്‍ . എ ഫണ്ടുപയോഗിച്ച്  ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഐ.സി.ടി  ഉപകരണ  വിതരണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 
    പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച്  മണ്ഡലത്തിലെ മുനിസിപ്പല്‍ /പഞ്ചായത്ത് തലങ്ങളിലെ ഓരോ സ്‌കൂളുകളില്‍ വീതം  സ്മാര്‍ട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുമുണ്ട്. എം.എല്‍.എ ഫണ്ടില്‍ നിന്നും എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള ഉപകരണ വിതരണത്തിന്റെ  ഭരണാനുമതിക്കായി കലക്ട്രേറ്റില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
    എം.എല്‍.എ ഫണ്ട്, പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതി എന്നിവ പ്രകാരം 1347  കമ്പ്യൂട്ടറുകള്‍, 717പ്രൊജക്ടര്‍, 62 ഡെസ്‌ക്ടോപ്പ്, 360 മൗണ്ടിംഗ് ആക്‌സസറീസ്, 23   43 'ഇഞ്ച് ടെലിവിഷന്‍, 23 മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, 23ഡി.എസ്.എല്‍.ആര്‍ ക്യാമറ, 22 എച്ച്.ഡി. വെബ്കാം, 379  യു.എസ്.ബി സ്പീക്കര്‍ , 671 സ്പീക്കര്‍ എന്നിവയാണ്  ഇതു വരെ മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ളത്.  എട്ടു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്നതാണ് 'ഹൈടെക് സ്‌കൂള്‍ പദ്ധതി'. മണ്ഡലത്തില്‍ പദ്ധതി കഴിഞ്ഞ വര്‍ഷം തന്നെ ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
    ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ലാബുകള്‍ സ്ഥാപിക്കുന്നതാണ് ഹൈടെക് ലാബ് പദ്ധതി. ഈ രണ്ട് പദ്ധതികളിലുംഓരോ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമായാണ് കൈറ്റ്   ഐ.സി.ടി  ഉപകരണങ്ങള്‍ നല്‍കിയിട്ടുള്ളത്. ഹൈടെക് സ്‌കൂള്‍ പദ്ധതി പ്രകാരം 24 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കാണ് ഇത്‌ഐ.സി.ടി ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്. 89 എല്‍.പി. യു.പി. വിദ്യാലയങ്ങള്‍ക്കാണ് ഹൈടെക് ലാബ് പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ഉപകരണങ്ങള്‍ വിതരണംചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 8370 വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈടെക് ലാബ് പദ്ധതിയുടെ  പ്രയോജനം ലഭിക്കുകയെന്നും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു.
 

date