Skip to main content

വൃദ്ധ ദമ്പതികള്‍ക്ക് തണലൊരുക്കി സാമൂഹ്യനീതി വകുപ്പും പാലക്കാട് മെയ്ന്റനന്‍സ് ട്രിബ്യൂണലും.

 

നിരാലംബരും രോഗികളുമായ വൃദ്ധദമ്പതികള്‍ക്ക് ആശ്രയമേകി സാമൂഹ്യനീതി വകുപ്പും പാലക്കാട് മെയ്ന്റനന്‍സ് ട്രിബ്യൂണലും. നെന്മാറ കുണ്ടുകാട് മുതലപ്പാറയില്‍ താമസിക്കുന്ന ബാലന്‍ (70), സുമിത്ര(63) എന്നീ വൃദ്ധ ദമ്പതികളേയാണ് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.  
കൊല്ലങ്കോട്, ആശ്രയം റൂറല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി ഇവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മെയ്ന്റനന്‍സ് ട്രിബുണലില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.  വളരെ ശോചനീയമായ അവസ്ഥയിലാണ് കഴിഞ്ഞുപോവുന്നതതെന്നും, രോഗങ്ങളാല്‍ കഷ്ടത അനുഭവിക്കുന്നവരാണെന്നും,ജീവിക്കാന്‍ മറ്റ് വരുമാന മാര്‍ഗ്ഗമൊന്നുമില്ലാത്ത ഇവരെ ഏതെങ്കിലും വൃദ്ധമന്ദിരത്തിലേക്ക് മാറ്റണമെന്നുമായിരുന്നു അപേക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറോട് മെയ്ന്റനന്‍സ് ട്രിബുണല്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് വൃദ്ധദമ്പതികളെ നേരില്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പാലക്കാട് മെയ്ന്റനന്‍സ് ട്രിബുണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കെ. സതീഷിനോട്  സാമൂഹ്യനീതി ഓഫീസര്‍ എം.സന്തോഷ് ബാബു  ആവശ്യപ്പെടുകയും, ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൃദ്ധദമ്പതികളെ കഞ്ചിക്കോട് മരിയന്‍ വില്ലേജിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. പുതിയ അന്തേവാസികളെ മരിയന്‍ ചാരിറ്റീസ് പ്രവര്‍ത്തകരായ ചാക്കോ ജോര്‍ജ്, ലാലി റെജി, ആര്‍.സുമതി എന്നിവര്‍ സ്നേഹത്തോടെ വരവേറ്റു.

date