Skip to main content

'പാഠം ഒന്ന് പാടത്തേക്ക്' ജില്ലാതല ഉദ്ഘാടനം ഇന്ന്

 

ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതി ജില്ലാതല ഉദ്ഘാടനം മങ്കരയില്‍ ഇന്ന് (സെപ്റ്റംബര്‍ 26) രാവിലെ 9.30 ന് കെ.വി വിജയദാസ് എം.എല്‍.എ നിര്‍വഹിക്കും. മങ്കര പഞ്ചായത്തിലെ തരവത്ത് പാടശേഖരത്തില്‍പെട്ട ബി.സി രാമചന്ദ്രന്‍ മാങ്കുറുശ്ശിയില്‍ എന്നിവരുടെ കൃഷി സ്ഥലത്താണ് ഉദ്ഘാടന പരിപാടി നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷയാവുന്ന പരിപാടിയില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജാസ്മിന്‍ പദ്ധതി വിശദീകരണം നടത്തും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ശ്രീകുമാരി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, ജില്ലാപഞ്ചായത്ത് അംഗം യു.രാജഗോപാല്‍, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി, മറ്റു പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മങ്കര പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും.

മലമ്പുഴയില്‍ വിവിധ പരിപാടികള്‍

'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്കിന്റെ കീഴില്‍ ഏഴ് പഞ്ചായത്തുകളിലായി ഇന്ന് (സെപ്തംബര്‍ 26) വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പാടത്തിറക്കി കാര്‍ഷികോപകരണങ്ങളും കൃഷിരീതിയും പരിചയപ്പെടുത്തും. കര്‍ഷകരുമായി മുഖാമുഖവും ഉണ്ടാകും. 'നമ്മുടെ നെല്ല് നമ്മുടെ അന്നം' എന്നാണ് പദ്ധതിയുടെ മുദ്രാവാക്യം. കൊയ്ത്ത്, നടീല്‍,  വരമ്പു വെട്ട്,  നിലം ഉഴല്‍, വിത്തിറക്കല്‍,  ജല സംഭരണം,  കളപറിക്കല്‍ തുടങ്ങി കൃഷിയിലെ വിവിധ ഘട്ടങ്ങളും വിദ്യാര്‍ഥികളെ പരിചയപ്പെടുത്തും.

പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം അകത്തേത്തറ കൃഷിഭവന്റെ നേതൃത്വത്തില്‍ ഇന്ന് (സെപ്തംബര്‍ 26) രാവിലെ 10 ന്  അകത്തേത്തറ ചിത്ര ജംഗ്ഷന്‍ മായ ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍  പാടശേഖര സന്ദര്‍ശനമുണ്ടാകും.
പുതുപ്പരിയാരം ഗ്രാമപഞ്ചായത്തില്‍ വെണ്ണക്കര പാടശേഖര നെല്‍വയല്‍ സന്ദര്‍ശന പരിപാടിയും 'കാര്‍ഷിക മേഖലയിലെ നാട്ടറിവുകള്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യും. മരുതറോഡ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ  നേതൃത്വത്തില്‍ നടക്കുന്ന കൊയ്ത്തുത്സവം, നെല്‍കൃഷിയെ കുറിച്ചുള്ള ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും. മലമ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന യന്ത്രവല്‍കൃത നെല്‍കൃഷി, നെല്‍ കൃഷി പരിപാലനം തരിശുഭൂമിയില്‍ വിഷയത്തില്‍ നടക്കുന്ന മാതൃക പഠനക്ലാസ് മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നെല്‍കൃഷിയും അതിന്റെ പരിപാലനവും എന്ന വിഷയത്തില്‍ തിരുവാലത്തൂര്‍ ഗോപാല്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ ഉദ്ഘാടനം ചെയ്യും. ഉമ്മിനി ഗവ. ഹൈ സ്‌കൂളില്‍ നടക്കുന്ന നെല്‍കൃഷി അവബോധന ക്ലാസ്സ് അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍ ഉദ്ഘാടനം ചെയ്യും. നെല്ലിശ്ശേരി പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നെല്‍വയല്‍ സന്ദര്‍ശനവും ക്വിസ് മത്സരവും പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അരിമ്പ്ര പാടശേഖരസമിതി നടീല്‍ ഉത്സവം മലമ്പുഴ ബ്ലോക്ക് വികസന  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്യും. നെല്‍കൃഷിയും അതിന്റെ പ്രാധാന്യവും എന്ന വിഷയത്തില്‍  എലപ്പുള്ളി കൂനാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.

date