കേരളത്തിന്റെ കൂട്ടായ്മയുടെ ഉത്തമ മാതൃകയാണ് കുടുംബശ്രീ പ്രസ്ഥാനം: മന്ത്രി എ സി മൊയ്തീൻ
കേരളത്തിന്റെ കൂട്ടായ്മയുടെ ഉത്തമ മാതൃകയാണ് കുടുംബശ്രീ പ്രസ്ഥാനമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. മുളങ്കുന്നത്തുകാവ് കിലയിൽ തദ്ദേശ സ്വയംഭരണവകുപ്പ്, കുടുംബശ്രീ, സാക്ഷരതാമിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള 'സമന്വയം' ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പിറവിയെടുത്ത കാലം മുതൽ മതസൗഹാർദ്ദത്തോടെയാണ് കുടുംബശ്രീ മുന്നോട്ടു പോകുന്നത്. അടുത്തകാലത്തായി കുടുംബശ്രീയെ തകർക്കാൻ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശ്രമങ്ങളുണ്ടായെങ്കിലും അതിനെ ചെറുത്തുതോൽപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. ചെറുകിട ഫൈനാൻസ് സ്ഥാപനങ്ങൾ കുടുംബശ്രീയിൽ നിന്ന് വായ്പ വാങ്ങി തിരിച്ചടയ്ക്കാതെ നടത്തുന്ന തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സാക്ഷരതാമിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല സാക്ഷരത മിഷൻ ആരംഭിക്കുന്ന 'സമ'പദ്ധതിയുടെ വിശദീകരണം നടത്തി. ജീവിത സാഹചര്യങ്ങൾ കൊണ്ട് വിദ്യാഭ്യാസം നേടാൻ സാധിക്കാതിരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പത്ത്, ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടിയെടുക്കുന്ന സമ പദ്ധതി 2020 ജനുവരിയിൽ ആരംഭിക്കുമെന്നും ഇതിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും ശ്രീകല പറഞ്ഞു.
യോഗത്തിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ, കില ഡയറക്ടർ ഡോ ജോയ് ഇളമൺ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ വി പ്രമോദ് എന്നിവർ പങ്കെടുത്തു. പൊതുചർച്ച, പ്രതികരണങ്ങൾ, ക്രോഡീകരണം എന്നിവയും നടന്നു.
- Log in to post comments