Skip to main content

പോഷകാഹാര ലഭ്യതയിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുൻപിൽ: മന്ത്രി വി എസ് സുനിൽകുമാർ

എല്ലാവീടുകളിലും സമീകൃതാഹാരം ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും പോഷകാഹാരത്തിന്റെ കാര്യത്തിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. അട്ടപ്പാടിയിലെ 96 ൽ 70 ഊരുകളിലും 1800 ഏക്കറിൽ അട്ടപ്പാടി മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പിലാക്കിയതിനു ശേഷം ഒരു കുട്ടിപോലും പോഷകാഹാരകുറവുമൂലം മരണപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പോഷൻ അഭിയാൻ പദ്ധതി യുടെ ഭാഗമായി പോഷൻ എക്‌സ്പ്രസ്സ്പ്രചരണ വാഹനത്തിനു നാട്ടികയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തു ഏറ്റവും കുറവ് പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് തൃശൂർ ജില്ലയിലാണ്, തളിക്കുളം, പഴയന്നൂർ ബ്ലോക്കുകളിലാണ് താരതമ്യേന സമീകൃതാഹാരകുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ബ്ലോക്കുകളിൽ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും പരമ്പരാഗത ആഹാര രീതികളെയും കൃഷിയെയും തിരിച്ചു കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരിലെ പോഷകസമൃദ്ധി ലക്ഷമിട്ട് നടപ്പിലാക്കുന്ന പോഷൺ അഭിയാൻ പദ്ധതി (സമ്പുഷ്ട കേരളം) യുടെ ഭാഗമായുള്ള പോഷൺ എക്സ്പ്രസ് പ്രചരണ വാഹനം ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി. നാട്ടിക എസ് എൻ ഹാളിൽ നടന്ന പരിപാടിയിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ അധ്യക്ഷയായി. ജില്ലാ കളക്ടർ എസ് ഷാനവാസ് വിഷയാവതരണം നടത്തി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന, വനിത ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസർ ചിത്രലേഖ, സീനിയർ സൂപ്രണ്ട് ഷംസുദീൻ, തളിക്കുളം സിഡിപിഒ മിനി ദാമോദരൻ, എ ഇ ഒ അനിതകുമാരി, തളിക്കുളം മതിലകം ഐ സി ഡി എസ് സൂപ്പർ വൈസർമാർ, അംഗനവാടി ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ചു ക്വിസ് മത്സരം, പോഷകാഹാര പ്രദർശനം, അംഗനവാടി ജീവനക്കാർ, തളിക്കൂട്ടം നാടൻപാട്ട് കലാസംഗം എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

date