ഭിന്നശേഷി സഹായ സാങ്കേതിക വിദ്യ: മാധ്യമപ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള സഹായ ഉപകരണങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിൻെ്‌റ ഭാഗമായി കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും(എൻഐപിഎംആർ) ജില്ലാ ഇൻഫർമേഷൻ ഓഫീസും ചേർന്ന് മാധ്യമ പ്രവർത്തകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. എൻഐപിഎംആർ -കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ വിഷയാവതരണം നടത്തി. സാങ്കേതിക വിദ്യകളുടെ വളർച്ച ഭിന്നശേഷി വിഭാഗക്കാരുടെ ശാക്തീകരണത്തിന് വലിയ സംഭാവന നൽകാൻ സഹായകമാണെന്നും ആവശ്യമുള്ള സഹായ ഉപകരണങ്ങൾ ഇവർക്ക് എത്തിക്കാൻ കഴിഞ്ഞാൽ വലിയ സാമൂഹ്യ വിപ്ലവം നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. നൂതന സാങ്കേതിക വിദ്യകൾ ലഭ്യമാണെങ്കിലും അവയെക്കുറിച്ച് പൊതുസമൂഹത്തിൽ മതിയായ അവബോധം ഇല്ല. ഇതിന് മാറ്റം വരുത്താൻ മാധ്യമപ്രവർത്തകരുടെ ക്രിയാത്മക ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 2 മുതൽ 6 വരെ ശക്തൻ നഗറിൽ നടക്കുന്ന 'അവസരങ്ങളുടെ ആഘോഷം' എക്‌സിബിഷനും അനുബന്ധ പരിപാടികളും സർക്കാർ മേഖലയിൽ നടക്കുന്ന ആദ്യ പ്രദർശനം എന്ന നിലയിൽ ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു.
വിവിധ രൂപത്തിൽ ഭിന്നശേഷിക്കാർ ജീവിതത്തിൽ അനുഭവിക്കുന്ന ശാരീരികവും-ബുദ്ധിപരവുമായ പരിമിതികൾ പരിഹരിക്കുക എന്നതാണ് സഹായ സാങ്കേതിക വിദ്യകൊണ്ട് ലക്ഷ്യമിടുന്നത്. നടക്കുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായുള്ള റോബോട്ടിക്ക് വോക്കർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ, കിടപ്പുരോഗികളായവർക്കുപ്പോലും റോബോട്ടിക്ക് സഹായത്തോടെ നടക്കാൻ സാധിക്കുന്ന എക്‌സോ സ്‌കെൽട്ടൻസ്, വിവധതരം വീൽചെയറുകൾ, രോഗികളെ മാറ്റി കിടത്താനും മറ്റുമായുള്ള ട്രാൻസ്ഫർ ബോർഡുകൾ, ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകളിൽ സഹായമാകുന്ന സൂപ്പർ ടോക്കർ പ്രോഗ്രസീവ് കമ്മ്യൂണിക്കേറ്റർ പോലുള്ള ഉപകരണങ്ങൾ, മറ്റ് ശരീര ചലനങ്ങൾ സാധ്യമാകാത്തവർക്ക് കൃഷ്ണമണിയുടെ ചലനത്തിലൂടെ കമ്പ്യൂട്ടർ സഹായത്താൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന ഐ ഗേസ് ആശയവിനിമയ സംവിധാനം, കേൾവി ശേഷിയില്ലാത്തവർക്കും, കാഴ്ച്ചശേഷിയും കേൾവിശേഷിയും ഇല്ലാത്തവർക്കും ആശയവിനിമയം നടത്തുന്നതിനുള്ള വിവിധ ഉപകരണങ്ങൾ തുടങ്ങിയവയുടെ ഉപയോഗം സംബന്ധിച്ച് അദ്ദേഹം വിശദ്ധീകരിച്ചു. ഹോട്ടൽ പൂരം ഇൻ്‌റർനാഷണലിൽ നടന്ന ശിൽപ്പശാലയിൽ എൻഐപിഎംആർ ജോയിൻ്‌റ് ഡയറക്ടർ സി. ചന്ദ്രബാബു, ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് അസിസ്റ്റൻ്‌റ് എഡിറ്റർ പി.പി. വിനീഷ്, ഡോ. സിന്ധു വിജയകുമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments