ആദ്യ ഭിന്നശേഷി സഹായ ഉപകരണ പ്രദർശനമേള ഒക്‌ടോബർ രണ്ടു മുതൽ ശക്തൻ നഗറിൽ
ഭിന്നശേഷി വിഭാഗക്കാർക്ക് ലഭ്യമായിട്ടുള്ള സൗകര്യങ്ങളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും സാമൂഹ്യ സുരക്ഷാ മിഷനും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ 2 മുതൽ ലോക സെറിബ്രൽ പാൾസി ദിനമായ ഒക്‌ടോബർ 6 വരെ ' അവസരങ്ങളുടെ ആഘോഷം' പരിപാടി സംഘടിപ്പിക്കും. തൃശൂർ ശക്തൻ നഗറിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി സർക്കാരിന്റെ നേതൃത്വത്തിൽ ആദ്യമായി ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം നടക്കും. 2 ന് ഉച്ചയ്ക്ക് 2 മണിക്ക് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്‌റ മേരി തോമസ്, ആസൂത്രണ ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, എന്നിവർ മുഖ്യാതിഥികളാകും. എൻഐപിഎംആർ വെർച്വൽ ടൂർ പ്രകാശനം ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർവഹിക്കും.
ഒക്‌ടോബർ 3 ന് രാവിലെ 9 ന് സെറിബ്രൽ പാൾസിയിൽ നേരത്തേയുള്ള ഇടപെടൽ എന്ന വിഷയത്തിലുള്ള സെമിനാർ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ റാഫി പി ജോസ് അധ്യക്ഷനാകും. തുടർന്ന് കോർപ്പറേഷൻ പരിധിയിൽ ഭിന്നശേഷി സഹായ ഉപകരണങ്ങൾ ആവശ്യമുള്ളവർക്കായി ആവശ്യകതാ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.
ഒക്‌ടോബർ 4 ന് രാവിലെ 10 ന് വിദ്യാഭ്യാസ ഉൾച്ചേർക്കലും സഹായ സാങ്കേതിക വിദ്യയും സെമിനാർ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ മേയർ അജിത വിജയൻ അധ്യക്ഷയാകും. ഉച്ചതിരിഞ്ഞ് 2 മുതൽ സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്കായുള്ള അതിജീവന തന്ത്രങ്ങൾ വിഷയത്തിൽ ആതിര ശങ്കർ ക്ലാസെടുക്കും. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികൾ നടക്കും.
ഒക്‌ടോബർ 5 ന് രാവിലെ ഭിന്നശേഷി സഹായ ഉപകരണ സാങ്കേതിക വിദ്യയിലെ നൂതന കണ്ടെത്തലുകൾ സംബന്ധിച്ച് അവതരണം നടക്കും. തുടർന്ന് വീൽചെയറിൽനിന്ന് മറ്റ് സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനെ സംബന്ധിച്ച് ഡോ. ആഷിക് ഹൈദർ അലി ക്ലാസെടുക്കും. ഉച്ചയ്ക്ക് 2 ന് ഭിന്നശേഷി ശാക്തീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. ഡോ. കെ.എൻ. ഹരിലാൽ വിഷയാവതരണം നടത്തും. ഡോ. ബി. ഇക്ബാൽ മോഡറേറ്ററാകും. തദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുക്കും.
ഒക്‌ടോബർ 6 ന് രാവിലെ 10 ന് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സെമിനാറിൽ സബ്ബ് ജഡ്ജും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ കെ.പി. ജോയ് വിഷയാവതരണം നടത്തും. ഡോ. ജി. ഹരികുമാർ അധ്യക്ഷനാകും. സമാപന സമ്മേളനം രാവിലെ 11 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. മേയർ അജിത വിജയൻ അധ്യക്ഷയാകുന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ തുടങ്ങിയവർ പങ്കെടുക്കും. ഇന്നോവേഷൻ അവാർഡ് വിതരണം സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറും മികച്ച സ്റ്റാളിനുള്ള പുരസ്‌ക്കാര വിതരണം സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജും നിർവഹിക്കും. ജീവിത വിജയം കൈവരിച്ച സെറിബ്രൽ പാൾസി ബാധിതരെ ആദരിക്കും.
എല്ലാദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം ഉണ്ടാകും. വിവിധ തരം വീൽചെയറുകൾ, ഹോയിസ്റ്റുകൾ, ശ്രവണ സഹായ ഉപകരണങ്ങൾ, പഠനപ്രവർത്തനങ്ങളെ സഹായിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശനത്തിനുണ്ടാകും. ഇത്തരം ഉപകരണങ്ങളുടെ നിർമ്മാണം സംബന്ധിച്ച തത്സമയ പ്രദർശനവും ഉണ്ടാകും. ഇരുപതോളം സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും.
മണലൂർ മണ്ഡലത്തിലെ പദ്ധതികൾ
സമയബന്ധിതമായി പൂർത്തീകരിക്കണം: എംഎൽഎ
മണലൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നു മുരളി പെരുനെല്ലി എംഎൽഎ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടു ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തന അവലോകന യോഗത്തിലാണ് പ്രവർത്തികൾ സമയബന്ധിതമായും കാര്യക്ഷമതയോടും പൂർത്തീകരിക്കാൻ എംഎൽഎ ആവശ്യപ്പെട്ടത്. മുല്ലശ്ശേരി ടൌൺ ഹാളിൽ നടന്ന യോഗത്തിൽ മുരളിപെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത് വടക്കുംചേരി, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മിനി, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു കെ ലതിക, ചുണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കരീം, കണ്ടാണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്പ്രമോദ്, പാവറട്ടി പഞ്ചായത്ത പ്രസിഡന്റ് അബു വടക്കയിൽ, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ്, ജില്ലാപഞ്ചായത് അംഗം സിജിമോഹൻദാസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments