നടവരമ്പ് ഗവ മോഡൽ ഹയർസെക്കണ്ടറി സ്‌കൂൾ ശതാബ്ദിയിലേക്ക്
നടവരമ്പ് ഗവ മോഡൽ ഹയർസെക്കണ്ടറി സ്‌കൂൾ ശതാബ്ദിയാഘോഷങ്ങൾക്ക് ഇന്ന് (സെപ്റ്റംബർ 27) തുടക്കം. 101 പരിപാടികളോടെ സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന ശതാബ്ദിയാഘോഷം ഉച്ച രണ്ടിന് കെ.യു അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 1920ൽ ആംഗ്ലോ വെർണാക്കുലർ ലോവർ സെക്കണ്ടറി സ്‌കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച സ്‌കൂളാണ് ഇന്ന് ശതാബ്ദിയിലെത്തി നിൽക്കുന്നത്. സി.എസ്. വിശ്വനാഥ അയ്യർ ആയിരുന്നു ആദ്യത്തെ പ്രിൻസിപ്പൽ. 1932ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത സ്‌കൂൾ 1974 ൽ മോഡൽ സ്‌കൂൾ ആയി ഉയർത്തി. തുടർന്ന് 2017 ൽ മികവിന്റെ സ്‌കൂൾ ആയി പ്രഖ്യാപിച്ചു. 2018 ൽ സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ പണി പുരോഗമിക്കുന്ന വേളയിലാണ് ശതാബ്ദി ആഘോഷങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ വിശിഷ്ടാതിഥിയാകും. വിശിഷ്ട വ്യക്തികളെ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ എന്നിവർ ചേർന്ന് ആദരിക്കും.
- Log in to post comments