Skip to main content

സംസ്ഥാനം ഡിജിറ്റൽ സമൂഹമായി പരിവർത്തിക്കുന്ന പ്രക്രിയയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ

*ഹഡിൽ കേരള രണ്ടാം പതിപ്പിന് തുടക്കം
ഒരു ഡിജിറ്റൽ സമൂഹത്തിലേക്കും വിജ്ഞാനാന്തരീക്ഷത്തിലേക്കും സംസ്ഥാനത്തെ പരിവർത്തിപ്പിക്കുന്ന പ്രക്രിയയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ജനങ്ങളുടെ പുരോഗതിക്കായും സാമൂഹികപരിവർത്തനത്തിനായും പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ദർശനം. നൂതനമായ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന സമഗ്രമായ സ്റ്റാർട്ട് അപ്  നയമാണ് കേരളത്തിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസ്സിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഐ) സഹകരണത്തോടെ കേരള സ്റ്റാർട്ട്അപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ കേരള ദ്വിദിന സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് കോവളം ലീല റാവിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്റ്റാർട്ട് അപ്പുകൾക്കായി ഇൻകുബേഷൻ സൗകര്യവും ഫണ്ട് ഓഫ് ഫണ്ട് മാതൃകയും നടപ്പാക്കി. ജന്റോബോട്ടിക്സ് പോലെ പല വിജയഗാഥകളും സംസ്ഥാനത്തെ സ്റ്റാർട്ട് അപ് രംഗത്തുണ്ടായി. സ്റ്റാർട്ട് അപ്പുകൾക്കായി സവിശേഷമായ പ്രൊക്യൂർമെന്റ് നയമാണ് സർക്കാർ കൊണ്ടുവന്നത്. വിദേശത്തും ഇന്ത്യയിൽനിന്നുമുള്ള സ്റ്റാർട്ട് അപ്പുകളെ സംസ്ഥാനം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വനിതാസംരംഭകർക്കായുള്ള ശേഷീവികസനപദ്ധതി 'വിങ്ങിന്'  മുഖ്യമന്ത്രി തുടക്കം കുറിച്ചു. അഡോബ് പ്രോഗ്രാം അദ്ദേഹം പ്രകാശനം ചെയ്തു. ഒപ്പോ, ഫ്യൂച്വർ ഗ്രൂപ്പ്, ഓർബിറ്റൽ എന്നീ ആഗോളസ്ഥാപനങ്ങൾ കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി ഒപ്പിട്ട ധാരണാപത്രം ഐടി സെക്രട്ടറി എം.ശിവശങ്കറിന് കൈമാറി. യുവ സ്റ്റാർട്ട് അപ്പ് സംരംഭകൻ സഞ്ജയ് നെടിയറയ്ക്ക് മുഖ്യമന്ത്രി ചടങ്ങിൽ ഉപഹാരം നൽകി.
ട്വിറ്റർ സഹസ്ഥാപകൻ ക്രിസ്റ്റഫർ ഐസക് ബിസ്റ്റോൺ വീഡിയോ കോൺഫറൻസിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.  കേന്ദ്ര വ്യവസായപ്രോത്സാഹന, ആഭ്യന്തരവാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി അനിൽ അഗ്രവാൾ മുഖ്യാതിഥിയായി. ഐടി സെക്രട്ടറി എം.ശിവശങ്കർ സ്വാഗതവും ഐഎഎംഎഐ സിഇഒ ജിതേന്ദർ മിൻഹാസ് നന്ദിയും പറഞ്ഞു.
ആഗോളസാങ്കേതിക-വ്യാവസായികമേഖലകളിലെ വിദഗ്ധർക്കു മുന്നിൽ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിന് സ്റ്റാർട്ട്അപ്പുകൾക്ക് അവസരം ലഭ്യമാക്കുന്നത് ലക്ഷ്യമിടുന്ന സംഗമത്തിൽ സർക്കാർ, നിക്ഷേപകർ, മാർഗനിർദേശകർ, സംരംഭകത്വപങ്കാളികൾ തുടങ്ങിയവർക്കും ടെക് സംരംഭങ്ങൾക്കുമാണ്  ഊന്നൽ നൽകുന്നത്. സ്റ്റാർട്ട് അപ്പുകൾ, മേഖലയിലെ വിദഗ്ധർ, നയകർത്താക്കൾ തുടങ്ങി മേഖലയിലെ ബന്ധപ്പെട്ടവർക്കു മുന്നിൽ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങളും സംസ്ഥാനസർക്കാരുമായി സഹകരിക്കുന്നതിനുള്ള വേദിയുമൊരുക്കും. ബ്ളോക്ക് ചെയിൻ, നിർമിതബുദ്ധി, ബിഗ് ഡാറ്റ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഡിജിറ്റൽ വിനോദമേഖല. ഡ്രോൺ സാങ്കേതികവിദ്യ, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഇ-ഗവേണൻസ് മൊബൈൽ ഗവേണൻസ്, യൂസർ ഇന്റർഫെയ്സ്/ എക്സപീരിയൻസ് തുടങ്ങിയ മേഖലകൾക്ക് ഹഡിൽ കേരള ഇത്തവണ പ്രാമുഖ്യം നൽകുന്നു. നെറ്റ്‌വർക്കിങ് സെഷനുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, ശില്പശാലകൾ, സമാന്തരചടങ്ങുകൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
പി.എൻ.എക്‌സ്.3468/19

date