വഴികാട്ടാന്‍ വാഗമണ്‍ ഏകദിന മെഗാ ശുചീകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമാകും
വഴികാട്ടാന്‍ വാഗമണ്‍ ഏകദിന മെഗാ ശുചീകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമാകും. ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30 ന് വാഗമണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് , സാക്ഷരതാ മിഷന്‍, കുടുംബശ്രീ, ജെ.ആര്‍.സി, സ്‌കൗട്ട് ആന്റ് ഗൈഡ് എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണവും വാരാഘോഷവും സംഘടിപ്പിക്കുന്നത്. പുള്ളിക്കാനം ഇടുക്കുപാറ മുതല്‍ മൊട്ടക്കുന്ന് പൈന്‍കാട് വരെ ശുചീകരിക്കും. ആയിരത്തിലേറെ പേര്‍ ശുചീകരണത്തില്‍ പങ്കാളികളാകും. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ശുചീകരണത്തില്‍ പങ്കാളിയാകും.
ജൈവ മാലിന്യങ്ങളുടെ ശേഖരണം ഏലപ്പാറ പഞ്ചായത്തില്‍ അന്ന് ആരംഭിക്കും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ ജൈവവാംശമില്ലാതെ വേണം സൂക്ഷിക്കാന്‍. ശേഖരിച്ച പാഴ്വസ്തുക്കള്‍ കൈമാറുന്നതിന് ഗ്രീന്‍ കേരള കമ്പനിയുമായി ഉടന്‍ കരാറിലെത്തും. ജില്ലാ കലക്ടറുടെ ചേമ്പറില്‍ 23ന് ചേര്‍ന്ന യോഗതീരുമാനപ്രകാരം വാഗമണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണിക്കാര്യം കൈക്കൊണ്ടത്.
ജില്ലയില്‍ മൂന്നാറിലും പീരുമേട്ടിലുമായി ആയിരക്കണക്കിനു സ്വദേശ, വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇതുമൂലം ഇവിടങ്ങളില്‍ വന്‍തോതില്‍ പ്ളാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടുന്നു. ഇവ മഴക്കാലത്ത് ഓടകളിലും തോടുകളിലും മറ്റു ജല മാര്‍ഗങ്ങളിലും അടിഞ്ഞും അടഞ്ഞും വലിയ വെള്ളപ്പൊക്കത്തിനും അതുവഴി മറ്റ് പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിതെളിക്കുന്നു. മാത്രമല്ല, കുടിവെള്ളവും മണ്ണും വായുവും ഇതുമൂലം മലിനപ്പെടുന്നു. പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് ഷീറ്റുകള്‍, പ്ലാസ്റ്റിക് പ്ലേറ്റ്സ്, കപ്പുകള്‍, ടംബ്ളറുകള്‍, പൗച്ചുകള്‍, പായ്ക്കറ്റുകള്‍, സ്ട്രോ, കൊടികള്‍,തെര്‍മോകോള്‍, സ്‌റ്റൈറോഫോം, പോളിപ്രൊപ്പലിന്‍ തുടങ്ങിയവ വലിച്ചെറിയുന്ന വസ്തുക്കളില്‍പ്പെടുന്നു. പ്ലാസ്റ്റിക് തിന്നുന്നതു മൂലം വന്യമൃഗങ്ങളും ചാകുന്നുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ഹരിതകേരളം മിഷന്‍ ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.എസ് മധു, ഹരിതകേരളം മിഷന്‍ കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രമേശ് പി, അറക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ടോമി കുന്നേല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ഏലപ്പാറ പഞ്ചായത്തംഗം മിനിമോള്‍, തദ്ദേശ സ്വയംഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments