മൂന്നാര്‍, ഏലപ്പാറ പഞ്ചായത്തുകളില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്ളാസ്റ്റിക് നിരോധനം
ലോകോത്തര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്നാര്‍, ഏലപ്പാറ ഗ്രാമപഞ്ചായത്തുകളില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവു പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഈ ഗ്രാമപഞ്ചായത്തുകളില്‍ പ്ലാസ്റ്റിക്കിന്റെ ഉത്പാദനം, ശേഖരിക്കല്‍, വിതരണം, വില്പന, ഉപയോഗം എന്നിവ ഒക്ടോബര്‍ ഒന്നിനു ശേഷം അനുവദിക്കില്ല. നിരോധിത പ്ളാസ്റ്റിക് വസ്തുക്കള്‍ കൈവശമുള്ള കച്ചവടക്കാരും സെപ്റ്റംബര്‍ 30 നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറണം.
നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളവ:
പാലുത്പന്നങ്ങള്‍, എണ്ണ, ഔഷധങ്ങള്‍, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള പ്ലാസ്റ്റിക് വനം, കാര്‍ഷിക- പുഷ്പഫല നഴസറികള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ബാഗുകളും ഷീറ്റുകളും, ഉത്പാദന- സംസ്‌കരണങ്ങള്‍ക്കു മുമ്പ് സാധനങ്ങള്‍ സീല്‍ ചെയ്തു ഉപയോഗിക്കുന്നതിനു അവശ്യഘടകമായ പ്ളാസ്റ്റിക്, മണ്ണില്‍ അലിയുന്നതും ഐ എസ് മുദ്രയുള്ളതുമായ പ്ലാസ്റ്റിക് എന്നിവ നിരോധനത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
കര്‍ശന നടപടി
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ്, റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വനംവകുപ്പ് എന്നിവയെ ചുമതലപ്പെടുത്തി.
- Log in to post comments