Skip to main content

ആനക്കയം പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കും.

പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് ഇത്തവണ ആനക്കയം പഞ്ചായത്തിനെ തെരഞ്ഞെടുത്തു. ഒരു ക്ഷീരഗ്രാമത്തിന് 50 ലക്ഷം രൂപ എന്ന നിലയില്‍ ധന സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെട്ടാകെ 10 പഞ്ചായത്തുകളാണ് ഇക്കുറി പദ്ധതിക്കായി തെരഞ്ഞെടുത്തത്. 
രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, ഒരു പശുവും ഒരു കിടാവും ഉള്‍പ്പെടുന്നതും മൂന്ന് പശുക്കളും രണ്ട് കിടാവുമുള്ളതുമായ കോമ്പോസിറ്റ് ഡയറി യൂണിറ്റുകള്‍ എന്നിവ തുടങ്ങുന്നതിനും കറവ യന്ത്രങ്ങള്‍ വാങ്ങുന്നതിനും ശാസ്ത്രീയമായ രീതിയിലുള്ള തൊഴുത്തുകളുടെ നിര്‍മ്മാണത്തിനും ഈ തുക വിനിയോഗിക്കാനാവും. യൂണിറ്റുകള്‍ തുടങ്ങുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സബ്സിഡിയായാണ് തുക അനുവദിക്കുക. ക്ഷീര ഗ്രാമം പദ്ധതി നടത്തിപ്പിനായി സഹകരിക്കുന്ന പശു പരിപാലന രംഗത്ത് തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി പ്രത്യേക പാക്കേജും പദ്ധതിയിലുണ്ടാകും. പാലുല്‍പ്പാദനത്തിനും പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനുമായി നല്‍കുന്ന മിനറല്‍ മിക്സ്ച്ചറുകള്‍ക്ക് പ്രത്യേക സബ്സിഡിയും പദ്ധതിയിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. 
രണ്ട് പശു വീതമുള്ള 30 യൂണിറ്റുകള്‍ക്ക് 20.7 ലക്ഷമാണ് സബ്സിഡിയായി ലഭിക്കുക. അഞ്ച് പശുക്കളുള്ള യൂണിറ്റുകള്‍ക്കായി ആകെ 7.36 ലക്ഷവും ഒരു പശുവും ഒരു കിടാവും ഉള്‍പ്പെടുന്ന കോമ്പോസിറ്റ് യൂണിറ്റുകള്‍ക്ക് 5.3 ലക്ഷവും മൂന്ന് പശുക്കളും രണ്ട് കിടാവുമുള്ള കോമ്പോസിറ്റ് യൂണിറ്റുകള്‍ക്ക് 4.5 ലക്ഷവും ലഭിക്കും. വളര്‍ച്ച ഘട്ടത്തിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യാനുസരണമുള്ള അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒമ്പത് ലക്ഷം രൂപയുടെ സഹായ ധനവും ലഭിക്കും.  
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നിന്നും വട്ടംകുളം പഞ്ചായത്തിനെയും വേങ്ങരയിലെ കണ്ണമംഗലം പഞ്ചായത്തിനെയുമാണ് ക്ഷീരഗ്രാമം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരുന്നത്.
 

date