കോട്ടക്കല്‍ പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗതിയില്‍
കോട്ടക്കല്‍ പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ട റോഡ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പ്രൊഫ. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടറില്‍ നിന്നും തിരൂര്‍ എല്‍.എ (ജനറല്‍) സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് നല്‍കിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് സാമൂഹികാഘാത പഠനം നടത്തി തയ്യാറാക്കിയ വിദഗ്ധ സമിതിയുടെയും ജില്ലാ കളക്ടറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ സര്‍വ്വെ നമ്പറുകളില്‍ നിന്നും 2.3276 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായിരുന്നു.ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ 2013 ലെ എല്‍.എ. ആര്‍.ആര്‍ ആക്ട് അനുശാസിക്കുന്ന വിധത്തില്‍ പരസ്യപ്പെടുത്തി സാക്ഷ്യപത്രം കളക്ടറുടെ കാര്യാലയത്തിലേക്ക് അയച്ച് നല്‍കണമെന്നും ശേഷം നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ തിരൂര്‍ എല്‍.എ (ജനറല്‍) സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയുടെ ഭാഗമായുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ച് വരുന്നതാടും എം.എല്‍.എ പറഞ്ഞു.
- Log in to post comments