Skip to main content

എറണാകുളം ഉപതിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

ഉപതിരഞ്ഞെടുപ്പ്
മാധ്യമനീരീക്ഷണ കേന്ദ്രം തുറന്നു

കാക്കനാട് - നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം കളക്ടറേറ്റില്‍ മാധ്യമ നിരീക്ഷണ കേന്ദ്രം തുറന്നു. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിറ്ററിംഗ് കമ്മിറ്റി(എം.സി.എം.സി)യുടെ ലക്ഷ്യം. പത്രങ്ങള്‍, ടെലിവിഷന്‍‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാശാലകള്‍, മറ്റ് ദൃശ്യ- ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എം.സി.എം.സിയുടെ നിരീക്ഷണ പരിധിയില്‍ വരും.

 

സിവില്‍ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്‍റെ മീഡിയ സെന്‍ററില്‍ സജ്ജമാക്കിയ എം.സി.എം.സി സെല്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ ആര്‍. രേണു അധ്യക്ഷത വഹിച്ചു.

 

മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് സെല്ലില്‍ ഒരുക്കിയിട്ടുള്ളത്. പി.ആര്‍.ഡി ഉദ്യോഗസ്ഥരും ജേര്‍ണലിസം വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ പ്രവര്‍ത്തിക്കുന്നത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് സെല്ലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക. പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും കമ്മിറ്റി നിര്‍വഹിക്കും. കമ്മിറ്റിയുടെ അനുമതിയില്ലാത്ത പ്രചാരണ സാമഗ്രികള്‍ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഉപയോഗിക്കാന്‍ പാടില്ല. എറണാകുളം മണ്ഡലത്തിന്‍റെ വരണാധികാരി എസ്. ഷാജഹാന്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസി. ഡയറക്ടര്‍ ഐസക് ഈപ്പന്‍, കേരള പ്രസ് അക്കാദമി കോഴ്സ് ഡയറക്ടര്‍ ഡോ. എം. ശങ്കര്‍, ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസിങ് ആൻറ് വിഷ്വൽ പബ്ലിസിറ്റി ഫീൽഡ് എക്സിബിഷൻ  ഓഫീസർ എം.സി. പൊന്നുമോൻ, അഡീഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജേക്കബ് ഈപ്പന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവലാണ് സമിതിയുടെ കണ്‍വീനര്‍.

 

പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും  പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍  എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്‍റെ ഇലക്ട്രോണിക് പതിപ്പിന്‍റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്‍റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്‍റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം. ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എം.സി.എം.സി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ടിവി ചാനലുകളിലെയും കേബിള്‍ ചാനലുകളിലെയും പരസ്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ ബള്‍ക്ക് എസ്.എം.എസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും ബാധകമായിരിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യസ്വഭാവത്തോടെയുള്ള പ്രചാരണം നടത്തുന്നതിനും ഇത്തരത്തില്‍ അനുമതി തേടണം.

 

അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്‍റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്.

 

ആയുധങ്ങൾ മൂന്നാം തീയതിക്കകം സറണ്ടർ ചെയ്യണം

 

കാക്കനാട്: കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങൾ എല്ലാ ആയുധ ലൈസൻസികളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ഒക്ടോബർ മൂന്നിനകം സറണ്ടർ ചെയ്യണമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.  എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ മാതുക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണിത്.  തിരഞ്ഞെടുപ്പു നടക്കുന്നത് എറണാകുളം നിയമസഭ നിയോജക മണ്ഡലത്തിൽ മാത്രമാണെങ്കിലും മാതൃകപെരുമാറ്റച്ചട്ടം ജില്ലയ്ക്ക് മുഴുവനായും ബാധകമാണ്.  

 

മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട കമ്മറ്റിയുടെ നോഡൽ ഓഫീസർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ്.  ഇതിന്റെ ഭാഗമായി   കളക്ടറേറ്റിൽ രൂപീകരിച്ച സ്ക്രീനിങ് കമ്മറ്റി എഡിഎം കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.   ആയുധങ്ങൾ സറണ്ടർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ആയുധ നിയമവും ചട്ടങ്ങളും, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 188 എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.    പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നതു സംബന്ധിച്ച് സുരക്ഷ പ്രശ്നമുള്ളതിനാൽ ഇളവു നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് ബാങ്കുകൾ കമ്മറ്റി മുമ്പാകെ  അപേക്ഷ നൽകി.  മതിയായ രേഖകൾ സമർപ്പിച്ച രണ്ട് ബാങ്കുകൾക്ക് ആയുധം കൈവശം വെക്കുന്നതിന് കമ്മറ്റി അനുമതി നൽകി.  

 

 കൊച്ചി പോലീസ് കമ്മീഷണറേറ്റ് ഡെപ്യൂട്ടി കമ്മീഷണർ ആർ.എം.രമേഷ് കുമാർ, നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.ആർ.മധു ബാബു, ജൂനിയർ സൂപ്രണ്ട് എം.പി.ബാബുരാജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  ഒക്ടോബർ മൂന്നിന് രാവിലെ 11ന് കമ്മറ്റി അടുത്ത യോഗം ചേരും.

മാധ്വി കടാരിയ പൊതു നിരീക്ഷക

 

കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിലെ പൊതു നിരീക്ഷക പഞ്ചാബിലെ കോ-ഓർഡിനേഷൻ സ്പെഷ്യൽ സെക്രട്ടറി മാധ്വി കടാരിയ. ഞായറാഴ്ച്ച നിരീക്ഷക ചുമതലയേല്‍ക്കും.

21 വയസ് പൂർത്തിയാക്കിയവർക്ക് മത്സരിക്കാം 

 

21 വയസ് പൂർത്തിയായതും  വോട്ടർ പട്ടികയിൽ പേരുള്ളതുമായ ആർക്കും    തിരഞ്ഞെടുപ്പിൽ മത്സരിക്കാം.  

സ്വതന്ത്ര സ്ഥാനാർത്ഥിയാണെങ്കിൽ  അതത് മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ   10 പേർ പിന്താങ്ങണം. പാർട്ടി സ്ഥാനാർത്ഥിയാണെങ്കിൽ  ഒരാൾ പിന്താങ്ങിയാൽ മതി.

 

സ്ഥാനാർത്ഥികൾ പ്രത്യേക അക്കൗണ്ട് തുടങ്ങണം

 

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് ചെലവിലേക്ക് പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങണം. 10,000 രൂപ വരെ മാത്രമെ നേരിട്ടുള്ള പണമിടപാട് തിരഞ്ഞെടുപ്പിൽ അനുവദിക്കൂ. തിരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യങ്ങൾക്ക് അതിൽ ഉയർന്ന തുകക്ക് ചെക്ക്, ഡി ഡി, ഡിജിറ്റൽ ട്രാൻസ്ഫർ എന്നിവ ഉപയോഗിക്കണം.

 

എറണാകുളം ഉപതിരഞ്ഞെടുപ്പ്; രാഷ്ട്രീയ പാർട്ടി യോഗം ചേർന്നു

 

കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം അടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു.  സമാധാന പൂർണമായ തിരഞ്ഞെടുപ്പ് നടപടികൾക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.  പോളിംഗ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളുമെല്ലാം മാതൃകാ പെരുമാറ്റ ചട്ടം കർശനമായി പാലിക്കണം. ശനി, ഞായർ ദിവസങ്ങളിൽ അവധി ആയതിനാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ആദ്യമെത്തുന്നവരെ മുൻഗണനാ ക്രമത്തിലായിരിക്കും പത്രികാ സമർപ്പണത്തിന് ക്ഷണിക്കുന്നത്. പത്രികയോടൊപ്പം ആവശ്യമായ എല്ലാ രേഖകളും ഉണ്ടാകണമെന്നും രേഖകൾ കൃത്യമാണെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു. യോഗത്തിന് ശേഷം കളക്ട്രേറ്റിൽ സജ്ജീകരിച്ച വോട്ടിങ്ങ് മെഷീനുകളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മോക്ക് പോളും നടത്തി. യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ എസ്.ഷാജഹാൻ, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ആർ.രേണു എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു.

 

പടം

മാതൃക പെരുമാറ്റച്ചട്ട പാലനം സംബന്ധിച്ച് വിളിച്ചു ചേർത്ത വിവിധ രാഷ്ട്രീയ പാർട്ടി  പ്രതിനിധികളുടെ യോഗത്തിൽ  ജില്ലാ കളക്ടർ എസ്.സുഹാസ് സംസാരിക്കുന്നു. വരണാധികാരി എസ്. ഷാജഹാന്‍, ഡപ്യൂട്ടി കളക്ടര്‍ ആര്‍ രേണു സമീപം

 

 

പണം കെട്ടിവെക്കൽ

 

10,000 രൂപയാണ് സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ടത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ 5,000 രൂപ കെട്ടിവെച്ചാൽ മതി. ജാതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം.

 

date