Skip to main content

 ലോക വിനോദ സഞ്ചാരദിനം ആചരിച്ചു

 

 ഡിടിപിസിയുടെയും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ടൂറിസം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക വിനോദ സഞ്ചാര ദിനം ആചരിച്ചു. കേരള സര്‍ക്കാര്‍ ടൂറിസം ഡിപ്പാര്‍ട്മെന്റ് ജോയിന്റ് കണ്‍വീനര്‍ അനിതകുമാരി ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് 'ടൂറിസവും ജോലി സാധ്യതകളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

 ചടങ്ങില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്വിന്‍ സാമ്രാജ് അധ്യക്ഷത വഹിച്ചു. ടൂറിസം ഡിപ്പാര്‍ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ കുമാര്‍, കോളേജ് മാനേജര്‍ ജോസഫ് ഡാനിയേല്‍, ഡിടിപിസി കോഴിക്കോട് സെക്രട്ടറി ബീന സി പി,  പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ. ക്രിസ്റ്റി പേരയില്‍, കോളേജ് യൂണിയന്‍ സെക്രട്ടറി പദ്മജിത് തുടങ്ങിയവര്‍ സംസാരിച്ചു. ജെറ്റ് എയര്‍വേഴ്സ് മുന്‍ കാര്‍ഗോ മാനേജര്‍ അസ്സന്‍ഖാന്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു. പ്രൊവിഡന്‍സ് കോളേജ്, സെന്റ്. ജോസഫ്‌സ് കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ് തുടങ്ങിയ കോളേജുകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

         

പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പും അനെര്‍ട്ടും ചേര്‍ന്ന് സൗരോര്‍ജ്ജം നല്ല ഭാവിക്കായി എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ രണ്ടിന് ജില്ലാ തല പെയിന്റിങ് മത്സരം (ജലച്ചായം) സംഘടിപ്പിക്കുന്നു. ബി.ഇ.എം. ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന മത്സരത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളില്‍ എട്ട് മുതല്‍ പത്ത് വരെ ക്ളാസുകളില്‍ പഠിക്കുന്നവര്‍ക്ക് സ്‌കൂള്‍  മുഖേന പങ്കെടുക്കാം. വരയ്ക്കുന്നതിനുള്ള ഡ്രോയിങ് പേപ്പര്‍ നല്‍കും. വാട്ടര്‍ കളറും പെന്‍സിലും മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍  നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 1500 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. ഫോണ്‍ - 9188119411, 9188119428.

കാര്‍പെന്റര്‍ ട്രേഡ് പരീക്ഷ  30 ന്

മര്‍ക്കസ് പ്രൈവറ്റ് ഐ.ടി.ഐ കാരന്തൂര്‍ പരീക്ഷാകേന്ദ്രത്തില്‍ 2019 ജൂലൈ 30 ന് നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് എഞ്ചിനീയറിംഗ് ഡ്രോയിംഗ് വിഷയത്തിന്റെ കാര്‍പെന്റര്‍ ട്രേഡിലെ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ റദ്ദ് ചെയ്തു. ഈ ട്രെയിനികള്‍ക്ക് സെപ്തംബര്‍ 30 ന് അതേ കേന്ദ്രങ്ങളില്‍ പുനഃപരീക്ഷ നടത്തും. മുമ്പ് അനുവദിച്ച ഹാള്‍ ടിക്കറ്റുമായി ട്രെയിനികള്‍ ഹാജരാകണം. ഫോണ്‍ 0495 2377016.

വിദ്യാര്‍ത്ഥികളില്‍ ശുചിത്വ സംസ്‌കാരം രൂപപ്പെടുത്താന്‍ കളക്ടേഴ്സ് @ സ്‌കൂള്‍

   
വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ കളക്ടേഴ്സ് അറ്റ് സ്‌കൂള്‍ പദ്ധതി. പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വ്വഹിക്കും.  മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുയ്ക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.  

ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകത്തക്ക രീതിയില്‍ വിദ്യാര്‍ത്ഥികളിലൂടെ വീടുകളിലേയ്ക്കും വീടുകളില്‍ നിന്ന് സമൂഹത്തിലേക്കും  ശുചിത്വ സംസ്‌ക്കാരം പ്രചരിപ്പിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ശുചിത്വ മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഹരിതകേരള മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍ തലത്തിലെ സന്നദ്ധ സംഘടനകള്‍, പാഴ് വസ്തു വ്യാപാരികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ മിഷന്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവര്‍ പദ്ധതിയില്‍ പങ്കാളികളാവും. വിദ്യാര്‍ത്ഥികളില്‍ നിന്നും പെറ്റ് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍സ്, പാല്‍ കവര്‍, തുങ്ങി നാല് തരം വസ്തുക്കള്‍ സംഭരിക്കുന്നതിനുളള പേപ്പര്‍ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍(എം.സി.എഫ് ) സ്‌കൂളുകളില്‍ സ്ഥാപിക്കും.

പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടത്തിനായി സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായ എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി, ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്സ്  തുടങ്ങിയ സംഘടനകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചുമതല നല്‍കും.  എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും ബുധനാഴ്ച്ചകളിലാണ് വിദ്യാര്‍ത്ഥികള്‍ വസ്തുക്കള്‍ സകൂളില്‍ കൊണ്ട്  വരേണ്ടത്. എം.സി.എഫുകളില്‍ നിന്നും  വസ്തുക്കള്‍ പാഴ് വസ്തു വ്യാപാരികള്‍ക്കോ ഹരിത കര്‍മ്മ സേനയ്ക്കോ നല്‍കും.

ജില്ലാതലത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത്, റീജണല്‍ ഡയറക്ടര്‍ നഗരകാര്യം എന്നിവരുടെ നേതൃത്വത്തില്‍ ഡി.ഇ.ഒമാര്‍ എ.ഇ.ഓ മാര്‍, സ്‌കൂള്‍ പ്രിന്‍സസിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍, പഞ്ചായത്ത്/മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍  എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുളള  പ്രതിമാസ പുരോഗതി അവലോകനവും നടത്തും. സംസ്ഥാനതലത്തില്‍ പതിമാസ പുരോഗതി അവലോകനവുമുണ്ടാകും. 

ക്ലീന്‍  കാക്കൂര്‍ പദ്ധതി :പരിശീലന പരിപാടി ആരംഭിച്ചു

കാക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ ക്ലീന്‍ കാക്കൂര്‍ പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടി ആരംഭിച്ചു. ഒക്ടോബര്‍ രണ്ട് മുതല്‍ ഹരിത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നിന് വ്യാപാരി വ്യവസായികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാ അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, ക്ലബുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ശില്‍പശാല, ഹരിത നിയമാവലി ക്ലാസ്, വിളംബരജാഥ എന്നിവയും നടത്തും.  

ആണ്‍കുട്ടികളുടെ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
അപേക്ഷ ക്ഷണിച്ചു

പട്ടികജാതി  വികസന   വകുപ്പിന്   കീഴില്‍   ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച കോഴ്സിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. കഴിഞ്ഞ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ ഈ അധ്യയന വര്‍ഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട  അവസാന തീയതി ഒക്ടോബര്‍ 15 ന് വൈകീട്ട് അഞ്ച് മണിവരെ. അപേക്ഷ ഫോം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0495 2370379, 2370657.

ഇന്‍ഫെര്‍ട്ടിലിറ്റി യൂണിറ്റില്‍ ലാബ് ടെക്നീഷ്യന്‍ ഒഴിവ്

കോഴിക്കോട്  ഗവ.മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍  ആര്‍.എസ്.ബി.വൈക്ക് കീഴില്‍ ഇന്‍ഫെര്‍ട്ടിലിറ്റി യൂണിറ്റില്‍ ലാബ് ടെക്നീഷ്യന്റെ ഒരു ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തും. ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. ബിഎസ്സി എംഎല്‍ടി/എംഎസ്സി ഇന്‍ ലൈഫ് സയന്‍സില്‍ ഒരു വര്‍ഷത്തെ പരിചയം ഇന്‍ ഐ.വി.എഫ് ആന്റ് ആന്‍ഡ്രോളജി ലാബ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമനം പരമാവധി ഒരു വര്‍ഷത്തേക്കോ, എംപ്ലോയ്മെന്റ് നിയമനം വരുന്നതു വരെ മാത്രം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് എത്തണം.

 

 വയോജന ദിനാഘോഷം മന്ത്രി ടിപി  രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന വയോജനദിനാഘോഷം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായാണ് സംസ്ഥാനത്തുടനീളം വയോജനദിനമാഘോഷിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി വയോജന സംരക്ഷണ നിയമവും വയോജനനയവും എന്ന വിഷയത്തില്‍ വയനാട് ജില്ലാ പ്രബോഷന്‍  ഓഫീസര്‍ കെ ടി അഷ്‌റഫ് ക്ലാസെടുക്കും.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍, സബ് കലക്ടര്‍ വി വിഘ്നേശ്വരി, ജില്ലാ സാമൂഹ്യ  നീതി ഓഫീസര്‍ ഷീബ മുംതാസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ടിവി ലളിതപ്രഭ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി പരമേശ്വരന്‍, സംസ്ഥാന വയോജന കൗണ്‍സില്‍ മെമ്പര്‍ ടി ദേവി, തുടങ്ങിയവര്‍ പങ്കെടുക്കും. 

കപ്പളളി നെടുങ്കണ്ടി പാടശേഖരത്തിന്റെ പ്രവര്‍ത്തനങ്ങള്‍  റീ ടെണ്ടര്‍ ചെയ്തു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനുകീഴില്‍ ആര്‍കെവിവൈ യില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കപ്പളളി നെടുങ്കണ്ടി പാടശേഖരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റീ ടെണ്ടര്‍ ചെയ്തു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ അഞ്ചിന് അഞ്ച് മണി വരെ. ഫോണ്‍ - 0495 2370790.

                                                                                                                                             
വന അദാലത്ത് ഒക്ടോബര്‍ 5 ന്

ജില്ലയിലെ വന അദാലത്ത് ഒക്ടോബര്‍ 5 ന് താമരശ്ശേരിയിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍  നടത്തും. വനഭൂമി സംബന്ധിച്ച പരാതികളല്ലാതെ വനം-വന്യജീവി വകുപ്പുമായി  ബന്ധപ്പെട്ട പൊതു ജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര  പരിഹാരം  കാണുന്നതിനുളള  നടപടികള്‍ വന അദാലത്തില്‍ സ്വീകരിക്കും. അദാലത്തിന്റെ  ഉദ്ഘാടനം വനം വന്യജീവി വകുപ്പു മന്ത്രി  അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. കാരാട്ട് റസാഖ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.  തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, ഗതാഗത വകുപ്പു മന്ത്രി  എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.

date