Skip to main content

സുരക്ഷിത ശബ്ദം ആരോഗ്യസുരക്ഷയ്ക്ക്

* ഒക്ടോബർ 1 - വിദ്യാലയങ്ങളിൽ 'സുരക്ഷിത ശബ്ദ ദിനം'
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പാക്കി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയിൽ 'സുരക്ഷിതശബ്ദം ആരോഗ്യസുരക്ഷയ്ക്ക്' എന്ന ആശയം കൂടി ഉൾപ്പെടുത്തി 'സുരക്ഷിതശബ്ദ സ്‌കൂൾ കാമ്പസ്' പദ്ധതി നടപ്പാക്കുന്നു. ഇതിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒക്ടോബർ ഒന്നിന് സുരക്ഷിത ശബ്ദദിനമായി ആചരിക്കും. വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും ആരോഗ്യത്തിന് ഹാനികരമായ കടുത്ത ശബ്ദം ഒഴിവാക്കാനുള്ള ബോധവത്ക്കരണവും പുതിയ സംസ്‌കാര രൂപവത്ക്കരണവുമാണ് ലക്ഷ്യം.
മനുഷ്യന് താങ്ങാനാവുക 75 ഡെസിബെൽ ശബ്ദമാണ്. 50 ഡെസിബെൽ ശബ്ദം തുടർച്ചയായി കേൾക്കുന്നതും ദോഷകരമാണ്. തലച്ചോറ്, ഹൃദയം, കരൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ അമിതശബ്ദം ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.  അമിതശബ്ദം ചെവിയുടെ കർണപടം തകരാറിലാക്കി കേൾവിയെ ബാധിക്കാനുമിടയുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ചെണ്ടമേളവും ഡ്രമ്മുകളുമൊക്കെ ആകാമെങ്കിലും തുടർച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. അധ്യയന സമയത്ത് ഒരു തരത്തിലുള്ള അമിതശബ്ദങ്ങളും പാടില്ല. ഒരു വർഷത്തിനുള്ളിൽ സുരക്ഷിതശബ്ദ സ്‌കൂൾ ക്യാമ്പസ് ആണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
വിദ്യാലയങ്ങളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. സ്‌കൂൾതലം മുതൽ സംസ്ഥാനതലം വരെയുള്ള ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കും. വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസ്സുകളും ചർച്ചയും നടത്തുകയും ഇവ വിദ്യാർഥികൾക്ക് കാണാനുള്ള അവസരമുണ്ടാക്കുകയും ചെയ്യും.  വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവരുടെ കൂട്ടായ്മയിലൂടെ ഈ പദ്ധതി വിജയിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
പി.എൻ.എക്‌സ്.3488/19

 

date