Skip to main content

ജില്ലാ വികസന സമിതി യോഗം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: അഞ്ചിടത്ത് പുതിയ നിർമ്മാണ ഏജൻസിയെ നിയോഗിക്കും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിലായ അഞ്ച് സ്‌കൂളുകളിൽ പുതിയ നിർമ്മാണ ഏജൻസിയെ ഏൽപ്പിച്ച് ഉടൻ പണി തുടങ്ങുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. നിർമ്മാണം മന്ദഗതിയിലാക്കിയ ശ്രീശൈലം ഏജൻസിയെ കരിമ്പട്ടികയിൽപ്പെടുത്തി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നിർമ്മാണ പ്രവൃത്തികളിൽനിന്ന് ഒഴിവാക്കി പുതിയ ഏജൻസിയെ ഏൽപ്പിക്കണമെന്ന് കഴിഞ്ഞ യോഗം ആവശ്യപ്പെട്ടിരുന്നു.
ചൂണ്ടൽ പഞ്ചായത്തിലെ എരനെല്ലൂർ വില്ലേജ് പെരുവൻമലയിൽ അരനൂറ്റാണ്ടിലേറെ കാലമായി താമസിച്ചുവരുന്ന 83 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടി നിർത്തിവെക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏനാമാക്കൽ റെഗുലേറ്റർ അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുരളി പെരുനെല്ലി എം.എൽ.എയാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.
ഒമ്പത് വർഷമായി നിർമ്മാണം ആരംഭിച്ച ദേശീയപാത 544ലെ മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നും കുതിരാൻ തുരങ്കത്തിലെ ഒരു തുരങ്കമെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റോഡ് തകർന്നതിനാലും തുരങ്കം പൂർത്തിയാക്കാത്തതിനാലും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക് നിത്യസംഭവമായി. മന്ത്രിമാരടക്കം പലയാവർത്തി നിർദേശം നൽകിയിട്ടും കരാർ കമ്പനി നൽകുന്ന ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. റോഡുകൾ പല ഭാഗത്തും തകർന്നുകിടക്കുന്നു. ആവശ്യമായ സ്ഥലങ്ങളിൽ സിഗ്നൽ ലൈറ്റുകളുമില്ല. ജനങ്ങൾക്ക് സുരക്ഷിതയാത്രയ്ക്ക് അവസരം ഒരുക്കണമെന്ന് ചാലക്കുടി എം.പി ബെന്നി ബെഹനാന്റെ പ്രതിനിധി ടി.യു. രാധാകൃഷ്ണൻ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
വാച്ച്മരം കോളനിയുമായി ബന്ധപ്പെട്ട ഭൂമി പ്രശ്നം പരിഹരിക്കാനായി സെപ്റ്റംബർ 30ന് കോളനി സന്ദർശിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മണലൂർ നിയോജമണ്ഡലത്തിലെ 17 ഇടത്തെ ബസ് ഷെൽട്ടർ നിർമ്മാണ പ്രവൃത്തികൾ ഒക്ടോബർ ആദ്യം തുടങ്ങുമെന്ന് എ.ഡി.സി ജനറൽ അറിയിച്ചു.
ചാലക്കുടി ബ്ലോക്കിന് കീഴിലെ സെൻറ് സെബാസ്റ്റിൻസ് സ്‌കൂളിന് സമീപത്തെ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ വിദ്യാർഥികൾക്ക് അപകടകരമായ നിലയിലായതിനാൽ മാറ്റി സ്ഥാപിക്കണമെന്ന് യോഗം കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. എ.ഡി.എം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
വാഴാനി പീച്ചി ടൂറിസം കോറിഡോർ പ്രവൃത്തിയുടെ പുറമ്പോക്ക് സർവേ പ്രൊഫൈൽ ലെവലിംഗ് പ്രവൃത്തി പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
പ്രളയ സാഹചര്യത്തെ നേരിടുന്നതിന് തൃശൂർ പൊന്നാനി കോർ മേഖലയിൽ സ്ലൂയിസുകളുടെ നിർമ്മാണത്തിനായി പ്രൊജക്ട് തയാറാക്കി വരുന്നതായി കെ.എൽ.ഡി.സി കൺസ്ട്രക്ഷൻ എൻജിനീയർ അറിയിച്ചു. ഒക്ടോബർ അഞ്ചിന് നടക്കുന്ന തൃശൂർ-പൊന്നാനി നില വികസന കൗൺസിൽ യോഗത്തിൽ ഇത് അവതരിപ്പിക്കും.
റിവർ മാനേജ്മെൻറ് ഫണ്ടിൽ 4,91,79,163 രൂപ നീക്കിയിരിപ്പുണ്ടെന്ന് വിശദമായ കണക്ക് സഹിതം ദുരുന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ലോവർ ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളുടെ ജലനിരപ്പുകൾ നിരന്തരമായി വിലയിരുന്നുണ്ടെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളുടെ വിഭജനത്തിന് നിർദേശം സമർപ്പിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡറയക്ടർ അറിയിച്ചു. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ നിലവിലെ സ്ഥിതി www.thrissur.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് കളക്ടർ അറിയിച്ചു.
ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയുടെ മൂന്നാംഘട്ടത്തിനായി ഭൂമി കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകൾ തങ്ങളുടെ കൈയിലുള്ള അധിക ഭൂമി സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകാൻ കളക്ടർ നിർദേശിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ചാലക്കുടി എം.പി ബെന്നി ബെഹനാന്റെ പ്രതിനിധി ടി.യു. രാധാകൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date