Skip to main content

ജില്ലയില്‍ മെഗാ വായ്പ മേള  മൂന്ന് ദിവസങ്ങളിലായി നടത്തും

  കേന്ദ്ര ധനകാര്യ സേവന വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം  ജില്ലയില്‍ നടത്താനിരുന്ന മെഗാ വായ്പ മേള മൂന്ന് ദിവസങ്ങളിലായി നടത്തുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ കെ.കുഞ്ഞിരാമന്‍ അറിയിച്ചു. കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശ പ്രകാരമാണ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്നതിനായി ഒരു ദിവസം മാത്രമായി നിശ്ചയിച്ചിരുന്ന മേള മൂന്ന് ദിവസങ്ങളിലായി മാറ്റിയത്. ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേളയില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രാതിനിധ്യം ഉണ്ടാവും. 
       മലപ്പുറം ടൗണ്‍ ഹാളില്‍ ഒക്ടോബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് മേള നടക്കുക. ഓരോ ബാങ്ക് ശാഖയും വായ്പക്കായി കണ്ടെത്തിയ ഗുണഭോക്താക്കളെ മേളയില്‍ പങ്കെടുപ്പിക്കും. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കും അന്വേഷണത്തിനുമായി  ബാങ്കുകള്‍ ഒരോ സ്റ്റാള്‍ വീതം തയ്യാറാക്കും. കുടുംബശ്രീ, വ്യവസായം, ഖാദി ബോര്‍ഡ.് എന്നിവരുടെയും ക്യഷി വകുപ്പിന്റെയും സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാവും. ഇതിനു പുറമെ അക്ഷയയുടെ നേതൃത്വത്തില്‍ അധാര്‍ സേവന കേന്ദ്രവും പ്രവര്‍ത്തിക്കും. 
     കാര്‍ഷിക വായ്പ, സംരംഭകത്വ വായ്പ, ഭവന  വാഹന  വിദ്യാഭ്യാസ വായ്പകളില്‍ കേന്ദ്രീകരിച്ചാകും മേള. പൊതുജനങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാം.
 

date