Skip to main content

ജോബ് ഫെയര്‍: 208 പേര്‍ക്ക് നിയമനം ലഭിച്ചു സര്‍ക്കാരിന്റേത് തൊഴിലവസരം വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനം: തുറമുഖ മന്ത്രി

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമടക്കം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളില്‍ മെഗാ തൊഴില്‍ മേള-ലക്ഷ്യ 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് (കേരളം), ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ലഭിക്കുകയെന്നതാണ് തൊഴിലന്വേഷകരുടെ സ്വപ്‌നമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അവസരങ്ങള്‍ കണ്ടെത്തണമെങ്കില്‍ തൊഴില്‍ അന്വേഷകരും എംപ്ലോയബലിറ്റി സെന്റര്‍ പോലുള്ള സംവിധാനങ്ങളും ഒരു പോലെ ശ്രമിക്കണം. തൊഴില്‍ സംബന്ധിച്ച് നമ്മുടെ സമൂഹത്തിലുള്ള പരമ്പരാഗത ധാരണയിലും മാറ്റം വരേണ്ടതുണ്ട്. സര്‍ക്കാര്‍ മേഖലയിലും പൊതുമേഖലയിലും നിലവിലുള്ള ഒഴിവുകള്‍ എല്ലാം അതത് സമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലടക്കം തൊഴിലവസരങ്ങള്‍ വര്‍ധിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍മേളയില്‍ പങ്കെടുത്ത 1212 ഉദ്യോഗാര്‍ഥികളില്‍ 208 പേരെ വിവിധ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കുകയും 216 പേരെ ചുരുക്കപട്ടികയില്‍പെടുത്തുകയും ചെയ്തു.  20 സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുത്തത്.  
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സബ് റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ കെ അബ്ദുള്‍ സമദ്, കൗണ്‍സിലര്‍ ഇ ബീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ട്രെയിനിംഗ് സകൂള്‍ പ്രിന്‍സിപ്പല്‍ കെ വി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ സ്‌നേഹലത സ്വാഗതവും എംപ്ലോയ്‌മെന്റ് ഓഫീസര്‍(പ്ലേസ്‌മെന്റ്) കെ വി രമേശന്‍ നന്ദിയും പറഞ്ഞു.

date