അപകടങ്ങള്‍ തടയാന്‍ റോഡ് സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ വികസന സമിതി നിര്‍ദേശം
ജില്ലയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാവികസന സമിതി യോഗം ആവശ്യപ്പെട്ടു. റോഡപകടങ്ങള്‍ കുറക്കുന്നതിന് ലൈറ്റ്, സിഗ്നല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭൂമി ഏറ്റെടുക്കുന്നതിനായി 337 കോടി രൂപയും റോഡ് വികസനത്തിന് 401 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനാണ് സൗത്ത് ബസാറില്‍ ഫ്‌ളൈ ഓവര്‍, മേലെ ചൊവ്വയില്‍ അടിപ്പാത എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
എംഎല്‍എ-എംപി ഫണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലും പണം നല്‍കുന്നതിലും കാലതാമസം നേരിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് കെസി ജോസഫ് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. തേര്‍മല, ശ്രീകണ്ഠാപുരം പ്രദേശങ്ങളില്‍ ക്വാറികളില്‍ നിന്ന് ഒഴുക്കിവിടുന്ന മലിനജലം പരിസരത്തെ വീടുകളിലെ കിണറുകളില്‍ എത്തുന്നുവെന്ന പരാതിയില്‍ മലിനജലം ഡ്രെയിനേജ് ചാനലിലൂടെ ഒഴുക്കിവിടാന്‍ ക്വാറി ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ചക്ലിയ പട്ടികജാതി കോളനി വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഏറ്റെടുത്ത പ്രവൃത്തിയില്‍ ഏജന്‍സികള്‍ കാലതാമസം വരുത്തുന്ന പക്ഷം അവരെ മാറ്റി പകരം ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് സി കൃഷ്ണന്‍ എംഎല്‍എ ഉന്നയിച്ച വിഷയത്തില്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കിഫ്ബി റോഡ് നിര്‍മ്മാണത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിനുള്ള തുക സംബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയില്‍ വാട്ടര്‍ അതോറിറ്റി, പിഡബ്ല്യുഡി വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ക്കാനും കുടിവെള്ള പൈപ്പ് പൊട്ടിയാല്‍ ഉടന്‍ പരിഹാരം കാണുന്നതിനായി കലക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല എംപവര്‍ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് വെട്ടിക്കുറക്കുന്നതായി പരാതി ഉയര്‍ന്നു. ആവശ്യത്തിന് ഓര്‍ഡിനറി ബസ്സുകള്‍ ഇല്ലാത്തതാണ് കാരണമെന്ന് കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ മാനേജര്‍ അറിയിച്ചു. നിലവില്‍ മൂന്ന് വീതം സര്‍വീസുകള്‍ ഈ റൂട്ടില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓര്‍ഡിനറി ബസ്സുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും.
ജില്ലാ കലക്ടര്‍ ടി വി സുഭാഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ സി കൃഷ്ണന്‍, കെ സി ജോസഫ്, അഡ്വ. സണ്ണി ജോസഫ്, മേയര്‍ സുമ ബാലകൃഷ്ണന്‍, പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, എംപിമാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments