Skip to main content

സ്മാരകങ്ങള്‍ തനിമയും പ്രൗഢിയും നിലനിര്‍ത്തി സംരക്ഷിക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂര്‍ കന്റോണ്‍മെന്റ് സെന്റ്. ജോണ്‍സ് സി എസ് ഐ ഇംഗ്ലീഷ് പള്ളിയടക്കം സര്‍ക്കാരിന്റെ സംരക്ഷണത്തിലുള്ള സ്മാരകങ്ങള്‍ അതിന്റെ പ്രൗഢിയും തനിമയും വീണ്ടെടുത്ത് സംരക്ഷിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. പള്ളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  സി എസ് ഐ പള്ളിയുടെ സംരക്ഷണ പ്രവൃത്തിയുടെ ഉദ്ഘാടനം സപ്തംബര്‍ 29 മന്ത്രി നിര്‍വഹിച്ചു. കന്റോണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡണ്ട് റിട്ട. കേണല്‍ ഐ പി പത്മനാഭന്‍ അധ്യക്ഷത വഹിക്കും. എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ് എന്നിവര്‍ മുഖ്യാതിഥികളാകും.  
പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശുദ്ധ ബൈബിളും മറ്റ് പുരാരേഖകളും പുരാരേഖ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു. പുരാതത്ത്വ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ക്കായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാവും പള്ളിയുടെ സംരക്ഷണ പ്രവൃത്തി. ആരാധനയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും തടസം സൃഷ്ടിക്കാതെ പ്രവൃത്തികള്‍ നടത്താനുള്ള മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഉടമസ്ഥാവകാശം പള്ളിക്ക് തന്നെ നിലനിര്‍ത്തിയാണ് സംരക്ഷണം. സംസ്ഥാനത്ത് 185 സ്മാരകങ്ങളാണ് വകുപ്പ് സംരക്ഷിച്ച് വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 15 സ്മാരകങ്ങള്‍ സംരക്ഷിതമായി പ്രഖ്യാപിച്ചു. സി എസ് ഐ പള്ളി ഉള്‍പ്പെടെ ഇതില്‍ മൂന്നെണ്ണം കണ്ണൂരിലാണെന്നും മന്ത്രി പറഞ്ഞു. പള്ളിയുടെ ചരിത്രം, പാരമ്പര്യം എന്നിവ കണക്കിലെടുത്താണ് പള്ളി സംരക്ഷിക്കാന്‍ തീരുമാനിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്മാരകങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനും സര്‍ക്കാര്‍ സംരക്ഷണം ഏറ്റെടുക്കേണ്ട സ്മാരകങ്ങളെക്കുറിച്ച് നിര്‍ദേശിക്കുന്നതിനും സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പള്ളിയുടെ ആദ്യഘട്ട സമഗ്ര സംരക്ഷണ പ്രവൃത്തികള്‍ക്കായി 86.5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കൂടാതെ 10 ലക്ഷം രൂപയോളം പള്ളി വികാരി ഫാദര്‍ രാജു ചീരാന്‍ സൈമണിന്റെ നേതൃത്വത്തില്‍ സമാഹരിച്ചിട്ടുണ്ട്.
പള്ളി കൂടാതെ കണ്ണൂര്‍ നഗരത്തില്‍ സംരക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പൈതൃക കെട്ടിടങ്ങളായ ആദ്യകാല കലക്ടറേറ്റ് പ്രവര്‍ത്തിച്ചിരുന്ന ഹാന്‍വീവിന്റെ സംരക്ഷണ പ്രവൃത്തികള്‍ക്ക് 65 ലക്ഷം രൂപയുടെയും പയ്യാമ്പലം ഗേള്‍സ് സ്‌കൂളിന് 47 ലക്ഷം രൂപയുടെയും ഭരണാനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞതായും പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ ആര്‍ സോന, റൈറ്റ്. റവ. ഡോ. റോയിസ് മനോജ് വിക്ടര്‍, എന്‍ കെ സണ്ണി, ഡോ. മേരി കോശി, ബാബു ഗോപിനാഥ്, കൃഷ്ണരാജ്, വിനുതറയില്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

date