Skip to main content

ഹൃദയാരോഗ്യദിനാചരണം: ഹൃദയാരോഗ്യത്തിനായി ഏഴ് കാര്യങ്ങള്‍

മനുഷ്യന്റെ ജീവിതശൈലിമാറ്റം ഹൃദയാരോഗ്യത്തിന് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്. നിരന്തരം ഹൃദയശൂന്യമായ സംഭവങ്ങള്‍ നടക്കുന്ന അപരിഷ്‌കൃത സമൂഹത്തിലേക്കാണ് നമ്മള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ മാനസിക സമ്മര്‍ദം കൂട്ടാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാനസിക സമ്മര്‍ദം ലഹരി ഉപയോഗത്തിലേക്ക് വഴിതെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക ഹൃദയാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത അധ്യക്ഷയായി.
  ജീവിതശൈലി രോഗങ്ങളെ അകറ്റി ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാനായി ഓരോ മനുഷ്യന്റെയും ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട ഏഴ് കാര്യങ്ങളാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. എല്ലാ മനുഷ്യനും അവനവന്റെ നമ്പര്‍ അറിയണമെന്നത് പരമപ്രധാന കാര്യമായി ആരോഗ്യ വകുപ്പ് പറയുന്നു. നോ യുവര്‍ നമ്പറില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവരും വര്‍ഷത്തിലൊരിക്കല്‍ രക്ത സമ്മര്‍ദ നിലയും മുപ്പത് കഴിഞ്ഞ എല്ലാവര്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവും അറിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.
  ഹൃദയാരോഗ്യത്തിനായി ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നൃത്തം, കായികാഭ്യാസം, നടത്തം തുടങ്ങി ഏത് കാര്യവും ഹൃദയാരോഗ്യമുണ്ടാക്കുന്നതാണ്. ഇവ പരിശീലിക്കുന്നതിലൂടെ ഹൃദയമിടിപ്പ് കൂടുകയും ഹൃദയം കൂടുതല്‍ മെച്ചത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യും. ലഹരി ഉപയോഗം ഹൃദയത്തിന്റെ മാത്രമല്ല ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഫാസ്റ്റ് ഫുഡുകളുടെയും കൊഴുപ്പ് നിറഞ്ഞ ഭക്ഷണത്തിന്റെയും ഉപയോഗമാണ് മനുഷ്യ ഹൃദയത്തിന്റെ അനാരോഗ്യത്തിന് കാരണമായ മറ്റൊരു ഘടകം. അവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിക്കുന്നു.
കല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ നടന്ന പരിപാടിയില്‍ ഹൃദയാരോഗ്യത്തെക്കുറിച്ച് ചെറുകുന്ന് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി ആര്‍ ഹരീഷ് തയ്യാറാക്കിയ വീഡിയോ റിലീസ് ചെയ്തു.
  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയപാലന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഒ വി ഗീത, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ലക്ഷ്മണന്‍, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി സ്വപ്നകുമാരി, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം സി പി വനജ, ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ ടി രേഖ, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ബി സന്തോഷ്, പാപ്പിനിശ്ശേരി സി എച്ച് സി അസിസ്റ്റന്റ് സര്‍ജന്‍ പി കെ അനില്‍ കുമാര്‍, കല്യാശ്ശേരി പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി മാത്യു, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ്, പ്രിന്‍സിപ്പല്‍ പി സജിത്ത്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എം എന്‍ അശ്വിന്‍ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

date