Skip to main content

കക്കംപാറയിലെ അപകടാവസ്ഥയിലുള്ള പാറ പൊട്ടിച്ച് നീക്കം ചെയ്യാന്‍ നടപടി

പയ്യന്നൂര്‍ മണ്ഡലത്തിലെ കക്കംപാറ മലയ്ക്ക് താഴെയായി സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനിന്നിരുന്ന പാറ പൊട്ടിച്ച് നീക്കം ചെയ്യാനുള്ള നടപടിക്ക് തീരുമാനം. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സി കൃഷ്ണന്‍ എം എല്‍ എയുടെ നിര്‍ദേശ പ്രകാരം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജിയോളജിസ്റ്റ്, രാമന്തളി ഗ്രാമ പഞ്ചായത്ത് എല്‍ എസ്, ജി ഡി എഞ്ചിനീയര്‍, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരടങ്ങിയ മള്‍ട്ടി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഇത് സംബന്ധിച്ച പഠനം നടത്താനും പാറ നീക്കം ചെയ്ത് അപകടം ഒഴിവാക്കുന്നതിനുള്ള നടപടികളും മറ്റ് പരിഹാര മാര്‍ഗങ്ങളും പരിശോധിച്ച് എസ്റ്റിമേറ്റ് സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു.
പാലക്കോട് അഴിമുഖത്ത് മത്സ്യ ബന്ധന ബോട്ടുകളുടെ അപകടത്തിന് കാരണമായ മണല്‍ത്തിട്ട നീക്കം ചെയ്യുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനാവശ്യമായ പ്രപ്പോസല്‍ സമര്‍പ്പിക്കുന്നതിന് കെംഡെല്‍ എന്ന ഏജന്‍സിയെ യോഗം ചുമതലപ്പെടുത്തി. പയ്യന്നൂര്‍ താലൂക്കിലെ പെരിന്തട്ട വില്ലേജിലെ ഭൂപ്രശ്‌നത്തില്‍ 16 കുടുംബങ്ങള്‍ക്ക് ഒക്ടോബര്‍ 31നകം പട്ടയം നല്‍കാനും 61 കൈവശക്കാര്‍ക്ക് ഭൂനികുതി അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളാനും യോഗം നിര്‍ദേശിച്ചു. ആറാട്ട് കടവിലെ 11 ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്ന നടപടികള്‍ ശക്തിപ്പെടുത്താനും യോഗം നിര്‍ദേശിച്ചു. വെള്ളൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം നിലവിലുള്ള ദേശീയപാത അക്വസിഷനില്‍ ഉള്‍പ്പെട്ടതിനാല്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ കലക്ടര്‍ ടി വി സുഭാഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഹാരിസ് റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എ സുഹറാബി (മാടായി), എം വി ഗോവിന്ദന്‍ (രാമന്തളി), ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ബി രമേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ കെ പി അബ്ദുസമദ്, പയ്യന്നൂര്‍ തഹസില്‍ദാര്‍ ബാലഗോപാലന്‍, കെംഡെല്‍ എംഡി കെബി ജയകുമാര്‍,  ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

date