Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അധിവര്‍ഷത്തിലെ അധിക ദിനങ്ങള്‍;
അപേക്ഷ നല്‍കണം
അധിവര്‍ഷത്തിലെ അധിക ദിനങ്ങളിലെ ആനുകൂല്യം ലഭിക്കുന്നതിന്  അര്‍ഹതയുള്ള  മാങ്ങാട്ട്പറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ നവംബര്‍ 13 നകം കെ എ പി നാലാം ബറ്റാലിയന്‍ കമാണ്ടന്റിന് ബന്ധപ്പെട്ട രേഖകള്‍  സഹിതം  അപേക്ഷ നല്‍കണം. ഫോണ്‍: 0497 2781316.

അധ്യാപക നിയമനം
വയനാട് ജില്ലയിലെ മൂലങ്കാവ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹിന്ദി(ജൂനിയര്‍) അധ്യാപകന്റെ ഒഴിവുണ്ട്.  കൂടിക്കാഴ്ച ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 04936225050.

താല്‍ക്കാലിക നിയമനം
സ്‌പോട്‌സ് ഡിവിഷന്‍ ഹോസ്റ്റലില്‍ ഒഴിവുള്ള അസിസ്റ്റന്റ് വാര്‍ഡന്‍(സ്ത്രീകള്‍), അസിസ്റ്റന്റ് കുക്ക്(പുരുഷന്‍) തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.    താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  ഫോണ്‍: 0497 2700485.

കണ്ണൂര്‍ റബ്ബര്‍ പ്രൊഡക്ട്‌സ് കമ്പനി ഓഫീസ് ഉദ്ഘാടനം 30 ന്
മലപ്പട്ടത്ത് ആരംഭിക്കുന്ന റബ്ബര്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഫാക്ടറിയുടെ കമ്പനി ഓഫീസ് ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും.  സപ്തംബര്‍ 30 ന്  ഉച്ചക്ക് 12 മണിക്ക്  പാപ്പിനിശ്ശേരി കേരള ക്ലെയ്‌സ് ആന്റ് സിറാമിക്‌സ് ലിമിറ്റഡ് കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കെ എം ഷാജി എം എല്‍ എ അധ്യക്ഷത വഹിക്കും.  ജയിംസ് മാത്യു എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് എന്നിവര്‍ മുഖ്യാതിഥികളാകും.
വ്യവസായ വകുപ്പിന്റെ കീഴില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്.  ആദ്യഘട്ടത്തില്‍ റബ്ബര്‍ കൈയ്യുറകള്‍ ഉല്‍പ്പാദിപ്പിച്ച് സര്‍ക്കാര്‍/സഹകരണ/സ്വകാര്യ ആശുപത്രികളില്‍ വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.  വിപണി സാധ്യത പരിശോധിച്ച് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും വിപണനം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും.  ഇതിനുപുറമെ ചെറുകിട റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി റബ്ബര്‍ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകളും ഉപയോഗപ്പെടുത്തും.  ഫാക്ടറി ആരംഭിക്കുന്നതിന് 2.13 ഏക്കര്‍ ഭൂമി മലപ്പട്ടം ഗ്രാമപഞ്ചായത്ത് സൗജന്യമായാണ് അനുവദിച്ചത്.

 കല്യാശ്ശേരി സമഗ്ര വിദ്യാഭ്യാസ പരിപാടി:
മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്തു
കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയവര്‍ക്കും സര്‍വകലാശാല പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്കും എം എല്‍ എ മെറിറ്റ് അവാര്‍ഡ് വിതരണവും മികച്ച പൊതുവിദ്യാലങ്ങള്‍ക്കുള്ള അനുമോദനവും നടന്നു. മാടായി കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മജീഷ്യന്‍ ഡോ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് എം എല്‍ എം അധ്യക്ഷത വഹിച്ചു.
  2019-20 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയ വിളയാങ്കോട് സെന്റ് മേരീസ് എല്‍ പി സ്‌കൂള്‍, ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രൈമറി പൊതുവിദ്യാലയമായ മാട്ടൂല്‍ എം യു പി സ്‌കൂള്‍, ഏറ്റവും കൂടുതല്‍ യു എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ ചെറുകുന്ന് ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഏറ്റവും കൂടുതല്‍ എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ ഇരിണാവ് യു പി സ്‌കൂള്‍ എന്നിവയ്ക്ക് പുരസ്‌കാരം നല്‍കി. ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രണവ് പ്രകാശ്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ മുഹമ്മദ് അബ്ദുള്‍ ജലീല്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
  വിളയാങ്കോട് കാരുണ്യ നികേതന്‍ ബധിര വിദ്യാലയത്തില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ എം പി അദിനാലിന് പുരസ്‌കാരം സമ്മാനിച്ചു. എസ് എസ് എല്‍ സി പരീക്ഷയിലും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയിലും ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെ അനുമോദിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്ലസ് നേടിയ 380 വിദ്യാര്‍ഥികളെയും പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ 155 വിദ്യാര്‍ഥികളെയും സര്‍കലാശാല പരീക്ഷയില്‍ റാങ്ക് നേടിയ എട്ട് വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.
  കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ അജിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി കെ അസ്സന്‍ കുഞ്ഞി, കെ വി രാമകൃഷ്ണന്‍, കെ വി മുഹമ്മദലി, എച്ച് എസ് എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി ഒ മുരളീധരന്‍, പി പി സനകന്‍, എം കെ ഉഷ, വി വി മനോജ് കുമാര്‍, രാജേഷ് കടന്നപ്പള്ളി, മനോജ് കുമാര്‍, വി മണികണ്ഠന്‍, ടി വി ചന്ദ്രന്‍, കെ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

റേഷന്‍കാര്‍ഡ് വിതരണം
     പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നല്‍കി സപ്തംബര്‍ 17 ന് സപ്ലൈ ഓഫീസില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റിയവര്‍ക്ക് (ടോക്കണ്‍ നമ്പര്‍: 7701 മുതല്‍ 8100 വരെ) ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.  അപേക്ഷകര്‍ ടോക്കണും നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും റേഷന്‍ കാര്‍ഡിന്റെ വിലയും സഹിതം  കാര്‍ഡുകള്‍ കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഭരണാനുമതി ലഭിച്ചു
സി കൃഷ്ണന്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന്  അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ച് പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മുക്കോത്തടം എല്‍ പി സ്‌കൂള്‍, കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ വലിയച്ചാല്‍ ഗവ.സ്‌കൂള്‍, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ അരവഞ്ചാല്‍ ഗവ.എല്‍ പി സ്‌കൂള്‍ എന്നിവക്ക് പാചകപ്പുര നിര്‍മിക്കുന്നതിനും പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ എടക്കുനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനുമുള്ള പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഒക്‌ടോബര്‍ മൂന്നിന് ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കളിമുറ്റം സമാപനം ഇന്ന്
നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ 50-ാം വാര്‍ഷികത്തിന്റെയും ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഭാഗമായി  പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണം ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്  വി എച്ച് എസ് ഇ വിഭാഗം സംഘടിപ്പിക്കുന്ന ശ്രേഷ്ഠബാല്യം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ വിഎച്ച് എസ് സ്‌കൂള്‍ താവക്കര ഗവ.യു പി സ്‌കൂളില്‍ നടപ്പാക്കുന്ന കളിമുറ്റം പരിപാടിയുടെ സമാപനം ഇന്ന്(സപ്തംബര്‍ 29) നടക്കും.  ഉച്ചക്ക് രണ്ട് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്യും.  മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

ഉപഭോക്തൃ വിലസൂചിക
2019 ജൂലൈ മാസത്തെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാന വര്‍ഷം(2011-12=100) യഥാക്രമം 175, 171, 162, 164(പഴയത് അടിസ്ഥാന വര്‍ഷം 1998-99=100 യഥാക്രമം 354, 345, 329, 346) ആണെന്ന് ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അഞ്ചരക്കണ്ടി അംശം മാമ്പ ദേശത്ത് റി സ 143/1ല്‍ പെട്ട 1.21 ആര്‍ സ്ഥലം ഒക്‌ടോബര്‍ 31 ന് രാവിലെ 11 മണിക്ക് അഞ്ചരക്കണ്ടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിലും കണ്ണൂര്‍ താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി സെക്ഷനിലും ലഭിക്കും.
അഴീക്കോട് സൗത്ത് അംശം ദേശം റി സ 625/9ല്‍ പെട്ട 4.15 ആര്‍ വസ്തു നവംബര്‍ അഞ്ചിന്  രാവിലെ 11 മണിക്ക് അഴീക്കോട് സൗത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ അഴീക്കോട് സൗത്ത് വില്ലേജ് ഓഫീസിലും കണ്ണൂര്‍ താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി സെക്ഷനിലും ലഭിക്കും.

ഓഫീസ് മാറ്റി
   കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ സപ്തംബര്‍ 30 മുതല്‍ ഓഫീസ് പ്രവര്‍ത്തനം താല്‍ക്കാലികമായി ഇതേ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഇതേ തുടര്‍ന്ന് കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്  സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതില്‍ കാലതാമസം നേരിടാന്‍ സാധ്യതയുണ്ടെന്നും  അറിയിച്ചു.

 

date