Skip to main content

വാഗമണില്‍ മെഗാ  ശുചീകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമാകും

വഴികാട്ടാന്‍ വാഗമണ്‍ ഒറ്റത്തവണ മെഗാ  ശുചീകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമാകും. ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30 ന് വാഗമണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഇ എസ് ബിജിമോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ അധ്യക്ഷനായിരിക്കും. സംസ്ഥാന ഹരിതകേരള മിഷന്‍ കണ്‍സട്ടന്റ് എന്‍. ജഗജീവന്‍ ഗാന്ധി സന്ദേശം നല്‍കും. കണ്‍സള്‍ട്ടന്റ് ആര്‍. രാജേന്ദ്രന്‍ വഴികാട്ടാന്‍ വാഗമണ്‍ പദ്ധതിയെപ്പറ്റി വിശദീകരിക്കും.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ സ്വാഗതവും ഹരിതകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. ജി. എസ്. മധു നന്ദിയും പറയും.  തുടര്‍ന്ന് നൂറിലേറെ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.പുള്ളിക്കാനം ഇടുക്കുപാറ മുതല്‍ മൊട്ടക്കുന്ന് പൈന്‍കാട് വരെ ശുചീകരിക്കും. ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും ശുചീകരണത്തില്‍ പങ്കാളിയാകും.
  ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് , സാക്ഷരതാ മിഷന്‍, കുടുംബശ്രീ, ജെ.ആര്‍.സി, സ്‌കൗട്ട് ആന്റ് ഗൈഡ് എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണവും വാരാഘോഷവും സംഘടിപ്പിക്കുന്നത്.
 ഒക്ടോബര്‍ മൂന്നിന് പൈനാവ് പളയക്കുടി കോളനിയില്‍ ശുചീകരണംനടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍, വാഴത്തോപ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബിയുടെ നേതൃത്വത്തില്‍ മറ്റ് ജനപ്രതിനിധികളും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും വകുപ്പുകളും സന്നദ്ധസംഘടനകളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ളവര്‍  പങ്കാളികളാകും. ഓരോ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് ലക്ഷ്യം.
 ഒക്‌ടോബര്‍ നാലിന് വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരി മത്സരം കട്ടപ്പന നഗരസഭ ഹാളില്‍ രാവിലെ 11 മുതല്‍ നടത്തും. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്നതാണ്  പ്രശ്‌നോത്തരി വിഷയം. ഒക്ടോബര്‍ അഞ്ചിന് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാളില്‍ രാവിലെ പത്തുമുതല്‍ നടത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം.
  ഒക്ടോബര്‍ ഒമ്പതിന്  വാരാഘോഷത്തിന്റെ സമാപനം അടിമാലി പഞ്ചായത്ത് ഹാളില്‍ നടത്തും. ഉച്ചയ്ക്ക് രണ്ടിന് ഗാന്ധിജിയുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളുടെ പുനരാവിഷ്‌കരണം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും. മൂന്നുമണിക്കു സമാപന സമ്മേളനത്തില്‍ എസ്. രാജേന്ദ്രന്‍ എം എല്‍ എല്‍,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, എഴുത്തുകാരനും പ്രഭാഷകനുമായ ആന്റണി മുനിയറ തുടങ്ങിയവര്‍ പങ്കെടുക്കും.
 പ്രശ്നോത്തരി, പോസ്റ്റര്‍ ഡിസൈനിംഗ്, ചിത്രരചന മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഴമിറവശറമ്യറശീ@ഴാമശഹ.രീാ  ഇമെയില്‍ വിലാസത്തില്‍ പേര്, വയസ്, ക്ലാസ്, സ്‌കൂള്‍ എന്നീ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫോണ്‍: 04862 233036
 

date