Skip to main content
ഉപഭോക്തൃ മുഖാമുഖം പരിപാടി തൊടുപുഴ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി  ഉദ്ഘാടനം ചെയ്യുന്നു.

ക്ഷീര കര്‍ഷകരുടെ മുഖാമുഖം വേറിട്ട അനുഭവമായി

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെയും തൊടുപുഴ ഫാര്‍മേഴ്സ്  ക്ലബ്ബിന്റെയും തൊടുപുഴ കാര്‍ഷിക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് തൊടുപുഴ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി  ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡണ്ട് ടോം ചെറിയാന്‍ അധ്യക്ഷനായിരുന്നു.
ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ ഉണ്ടെങ്കിലും മായത്തിന്റെ  കാര്യത്തില്‍ പാലും പാലുല്‍പ്പന്നങ്ങളും വിഭിന്നമല്ല. പൊതുജനങ്ങള്‍ക്കായി സൗജന്യ പാല്‍ പരിശോധനയും ക്ഷീരമേഖലയെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തുകയും ചെയ്തു. ക്വാളിറ്റി കണ്‍ട്രോളര്‍ ഓഫീസര്‍ ബെറ്റി ജോഷ്വ, അസിസ്റ്റന്റ് ഡയറക്ടര്‍ ട്രീസ തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.  പരിപാടിയില്‍ തൊടുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. സബ്‌സിഡി നിരക്കില്‍ ഗ്രോബാഗ്, പച്ചക്കറിവിത്തുകള്‍ എന്നിവ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക മാസികയും വിതരണം ചെയ്തു.

ഇളംദേശം ക്ഷീര  വികസന ഓഫീസര്‍ സുധീഷ് എംപി, തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ കെ, ജൈവ കര്‍ഷക സമിതി അംഗം ടി ജെ പീറ്റര്‍, തൊടുപുഴ ക്ഷീരവികസന ഓഫീസര്‍  റിനു തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. ലാബ് ടെക്‌നിഷ്യന്‍ നെല്‍സണ്‍ കെ തോമസ് പാല്‍ പരിശോധന രീതികളെ കുറിച്ചുള്ള വിശദീകരണവും നല്‍കി.

date